'മുന്‍ സര്‍ക്കാരുകള്‍ രാജ്യത്തെ ആരോഗ്യ മേഖലയെ പാടെ അവഗണിച്ചു'; പുതിയ ആരോഗ്യ പദ്ധതിയുമായി പ്രധാനമന്ത്രി
ഭാവിയില്‍ ഏത് പകര്‍ച്ചവ്യാധിയെയും നേരിടാന്‍ നമ്മുടെ ആരോഗ്യ സംവിധാനം തയ്യാറാക്കുകയാണെന്ന് ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന് തുടക്കം കുറിച്ച് മോദി പറഞ്ഞു
ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 5000 കോടി രൂപയാണ് പദ്ധതിയുടെ പ്രവര്‍ത്തന ചെലവ്. രാജ്യത്തുടനീളം ആരോഗ്യമേഖയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
'മുന്‍ സര്‍ക്കാരുകള്‍ ആരോഗ്യ മേഖലയെ പാടെ അവഗണിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ 70 വര്‍ഷങ്ങളില്‍ ആവശ്യത്തിനുള്ള ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഒരു പാര്‍ട്ടിയും ശ്രദ്ധ കേന്ദീകരിച്ചിരുന്നില്ല. ദീര്‍ഘകാല ഗവണ്‍മെന്‍റുകള്‍, രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനം വികസിപ്പിക്കുന്നതില്‍ പരാജയമായിരുന്നു' ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പദ്ധതിയിലൂടെ ഒട്ടനവധി മാറ്റങ്ങളാണ് രാജ്യത്തെ ആരോഗ്യ മേഖലയില്‍ വരികയെന്നും ഭാവിയില്‍ ഏത് പകര്‍ച്ചവ്യാധിയെയും നേരിടാന്‍ നമ്മുടെ ആരോഗ്യ സംവിധാനം തയ്യാറാക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. പദ്ധതിക്ക് കീഴില്‍ എല്ലാ ജില്ലകളിലും സംയോജിത പബ്ലിക് ഹെല്‍ത്ത് ലാബുകളും നാലു പുതിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളും സ്ഥാപിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ പുതിയ ഒമ്പത് മെഡിക്കല്‍ കോളജുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിര്‍വഹിച്ചു.