സഭ തുടങ്ങുംമുൻപ് സോണിയക്കരികിലേക്ക് മോദി; ആരോഗ്യവിവരങ്ങൾ തിരക്കി കുശലംപറച്ചില്‍
കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രാമധ്യേ സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി ഭോപ്പാൽ വിമാനത്താവളത്തിൽ ഇറക്കിയിരുന്നു
ന്യൂഡൽഹി: പാർലമെന്റിനകത്ത് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സോണിയയുടെ ആരോഗ്യവിവരങ്ങൾ മോദി തിരക്കി. കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രാമധ്യേ സോണിയയും രാഹുൽ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു.
ഇന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടുമുൻപായിരുന്നു കൂടിക്കാഴ്ച. മോദി സോണിയയുടെ ഇരിപ്പിടത്തിലേക്ക് നേരിട്ടെത്തിയാണ് കുശലാന്വേഷണം നടത്തിയത്. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സോണിയ മറുപടി നൽകുകയും ചെയ്തതായാണ് റിപ്പോർട്ട്.
മോശം കാലാവസ്ഥയെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി 7.45ഓടെ സോണിയയും രാഹുലും സഞ്ചരിച്ച വിമാനം ഭോപ്പാൽ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. തുടർന്ന് മുൻമന്ത്രി പി.സി ശർമ, കുനാൽ ചൗധരി എം.എൽ.എ തുടങ്ങി മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിലെത്തി നേതാക്കളെ കണ്ടു.
ബംഗളൂരുവിൽ പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും നേതാക്കൾ സന്ദർശിച്ചിരുന്നു. സംസ്‌കാരചടങ്ങിൽ സംബന്ധിക്കാനായി ഇന്ന് കോട്ടയത്തും രാഹുൽ എത്തിയിട്ടുണ്ട്.
Summary: PM Modi walks up to Sonia Gandhi in Parliament, asks about her health