''മോദി ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യവാദി; നോട്ടുനിരോധനം അദ്ദേഹത്തിന്റെ ധീരമായ തീരുമാനം'' - അമിത് ഷാ
നരേന്ദ്ര മോദിയിലും മികച്ചൊരു ശ്രോതാവിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. മോദി മന്ത്രിസഭയിലും മികച്ച ജനാധിപത്യ ഭരണകൂടം ഇതിനുമുൻപുണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വിമർശകർ പോലും അംഗീകരിക്കുന്നതാണ്- അമിത് ഷാ അഭിപ്രായപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ. മോദി ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നയാളാണെന്ന പ്രചാരണം അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനായി എതിരാളികൾ പടച്ചുണ്ടാക്കിയതാണെന്നും അമിത് ഷാ പറഞ്ഞു. നോട്ടുനിരോധനം അദ്ദേഹത്തിന്റെ ധീരമായ തീരുമാനമായിരുന്നെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ഭരണരംഗത്തെ മോദിയുടെ 20-ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ചാനലായ സൻസദ് ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനം.
മോദി ചില സാഹസങ്ങൾക്കൊക്കെ മുതിരാറുണ്ടെന്നത് യാഥാർത്ഥ്യമാണ്. അച്ചടക്കം പാലിക്കാൻ നിർദേശിക്കാറുമുണ്ട്. എന്നാൽ, സർക്കാരുമായും സർക്കാർ നയങ്ങളുമായും ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ ഒരിക്കലും സ്വന്തം താൽപര്യങ്ങൾ മറ്റുള്ളവർക്കുമേൽ അടിച്ചേർപ്പിക്കാറില്ല. വെറും ഭരണം നിർവഹിക്കാൻ മാത്രമല്ല, ഇന്ത്യയുടെ നി ർമാണത്തിനു കൂടിയാണ് നമ്മൾ വന്നിട്ടുള്ളതെന്നാണ് മോദി വിശ്വസിക്കുന്നത്. അക്കാര്യം അദ്ദേഹം നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്-അഭിമുഖത്തിൽ ഷാ പറഞ്ഞു.
നോട്ടുനിരോധനവും കശ്മീരിന്റെ ഭരണഘടനാ പദവിയും മുത്തലാഖും റദ്ദാക്കിയതുമെല്ലാം മോദിയുടെ ധീരമായ തീരുമാനങ്ങളായിരുന്നുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. സർജിക്കൽ ആക്രമണം ഒരു അമേരിക്കൻ ആശയമായിരുന്നെന്നും എന്നാല്‍, നരേന്ദ്ര മോദി അധികാരത്തിലേറുന്നതിനു മുൻപ് അതൊരു അസാധ്യമായ കാര്യമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോഴുള്ളതിലും മികച്ച ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിച്ച ഒരു മന്ത്രിസഭയും മുൻപുണ്ടായിട്ടില്ലെന്ന് മോദിക്കൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിമർശകർ പോലും അംഗീകരിക്കുന്നതാണ്. നരേന്ദ്ര മോദിയിലും മികച്ചൊരു ശ്രോതാവിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം എല്ലാവരെയും കേൾക്കുന്നു. നിലവാരമുള്ള നിർദേശങ്ങൾക്ക് പ്രാധാന്യം നൽകുകയും അവ നടപ്പാക്കുകയും ചെയ്യുന്നു. ആരുടെ നിർദേശമാണെന്നല്ല അദ്ദേഹം നോക്കുക. എന്നാൽ, പ്രധാനമന്ത്രിയായതുകൊണ്ടു തന്നെ അന്തിമതീരുമാനം തീർച്ചയായും അദ്ദേഹം തന്നെയാണ് കൈക്കൊള്ളാറുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.