Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡല്‍ഹി: അദാനി സുരക്ഷിതനാണെന്നും മോദിയും അദാനിയും ഒന്നാണെന്നുമുള്ള സ്റ്റിക്കറൊട്ടിച്ച് പ്രതിഷേധവുമായി പ്രിയങ്കാ ഗാന്ധി എംപി. അദാനി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയും കൂട്ടരും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. അദാനി അഴിമതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് രാജ്യത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
അദാനി വിഷയം ഉന്നയിച്ചുകൊണ്ട് ഇൻഡ്യാ സഖ്യത്തിന്റെ നേതാക്കള്‍ കറുത്ത ജാക്കറ്റണിഞ്ഞാണ് പാര്‍ലമെന്റ് പരിസരത്ത് ഒത്തുകൂടിയത്. ജാക്കറ്റിനുപുറത്ത് മോദിയും അദാനിയും ഒന്നാണ് (മോദി അദാനി ഏക് ഹേ) എന്നും, അദാനി സുരക്ഷിതനാണ് (അദാനി സേഫ് ഹേ) എന്നും സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു. മോദിക്കൊപ്പം അദാനി ഇരിക്കുന്ന ചിത്രവും സ്റ്റിക്കറില്‍ പതിപ്പിച്ചിരുന്നു. അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി ഇടപെടണം എന്ന ആവശ്യവും ഇൻഡ്യാ സഖ്യം മുന്നോട്ടുവെച്ചു.
എല്ലാ മര്യാദകളും കാറ്റില്‍ പറത്തി അദാനിയുടെ അഴിമതിയെ പ്രധാനമന്ത്രി പ്രതിരോധിക്കുന്ന വിധം അങ്ങേയറ്റം ഞെട്ടിക്കുന്നതാണ് എന്ന് പ്രിയങ്കാ ഗാന്ധി എക്‌സില്‍ കുറിച്ചു. പ്രിയങ്കയ്ക്കും സഹ എംപിമാര്‍ക്കുമൊപ്പം എല്ലാ പ്രതിപക്ഷ എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. തന്റെ ട്രേഡ് മാര്‍ക്കായ വെളുത്ത ടീഷര്‍ട്ടിനുപുറത്ത് പ്രതിഷേധ വാചകങ്ങള്‍ എഴുതിയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദാനിക്കെതിരെ അന്വേഷണം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹത്തിന് അത് തനിക്കെതിരെ തന്നെ അന്വേഷണം നടത്തുന്നതുപോലെയായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.