'അമ്മ... അത് വെറുമൊരു വാക്കല്ല'; അമ്മയുടെ നൂറാം ജന്മദിനത്തിൽ പാദപൂജചെയ്ത് അനുഗ്രഹം വാങ്ങി മോദി
അമ്മയെ കുറിച്ച് എഴുതിയ ബ്ലോഗിന്‍റെ ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്
പോർബന്തർ: അമ്മയുടെ നൂറാം ജന്മദിനത്തിൽ പാദപൂജ ചെയ്ത് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ ഹീരാബെൻ മോദിയുടെ ജന്മദിനത്തിൽ ഗാന്ധിനഗറിലെത്തിയാണ് മോദി കൂടിക്കാഴ്ച നടത്തിയത്.
ശനിയാഴ്ച പുലർച്ചെ മോദി ഗുജറാത്തിലെ അമ്മയുടെ വസതിയിലെത്തി. വീട്ടിലെത്തിയ മോദി അമ്മയ്ക്കായി പാദപൂജചെയ്യുകയും പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു. വഡ്‌നഗറിലെ ഹട്‌കേശ്വർ ക്ഷേത്രത്തിലും ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചടങ്ങുകൾ നടക്കുന്നുണ്ട്. അമ്മയെ സന്ദർശിച്ചതിന് ശേഷമുള്ള ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
'അമ്മ... ഇത് വെറുമൊരു വാക്കല്ല, ഒരുപാട് വികാരങ്ങളെ ഉള്‍ക്കൊള്ളുന്ന ശ്രേണിയാണിത്. ഇന്ന്, ജൂൺ 18, എന്റെ അമ്മ ഹീരാബ തന്റെ നൂറാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ്. ഈ പ്രത്യേക ദിനത്തിൽ, സന്തോഷവും നന്ദിയും പ്രകടിപ്പിക്കുന്ന ചില ചിന്തകൾ ഞാൻ എഴുതിയിട്ടുണ്ട്.' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. അമ്മയെ കുറിച്ച് എഴുതിയ ബ്ലോഗിന്‍റെ ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
അച്ഛൻ ജീവിച്ചിരുന്നെങ്കിൽ കഴിഞ്ഞയാഴ്ച അദ്ദേഹവും നൂറാം പിറന്നാൾ ആഘോഷിക്കുമായിരുന്നു. എന്റെ അമ്മയുടെ ശതാബ്ദി വർഷം ആരംഭിക്കുന്നതിനാൽ 2022 ഒരു പ്രത്യേക വർഷമാണ്' എന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. PM Modi Visits Mother On Her Birthday
പിറന്നാൾ ആഘോഷത്തിന് ശേഷം മോദി ഗുജറാത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളും നിർവഹിക്കും. പഞ്ച്മഹൽ ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള ചമ്പാനറിന് സമീപം സ്ഥിതി ചെയ്യുന്ന പുരാതന മഹാകാളി ക്ഷേത്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കും. യുനെസ്‌കോയുടെ പൗരാണിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ പാവഗഢിലെ ചമ്പാനറിന് സമീപമുള്ള പതിനൊന്നാം നൂറ്റാണ്ടിലെ മാഹാകാളി ക്ഷേത്രം 125 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. ക്ഷേത്ര ദർശനത്തിന് ശേഷം വഡോദര, ഖേദ, ആനന്ദ്, പഞ്ച്മഹൽ, വഡോദര, ഛോട്ടാ ഉദേപൂർ ജില്ലകളിലായി 21,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിർവഹിക്കും.