2014ല്‍ മോദിയുടെ വ്യക്തിപ്രഭാവമാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്; ബിരുദങ്ങളല്ലെന്ന് അജിത് പവാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഞായറാഴ്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2023-04-04 04:58 GMT
Editor : Jaisy Thomas | By : Web Desk

അജിത് പവാര്‍

Advertising

മുംബൈ: മന്ത്രിമാരുടെ ബിരുദത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും ഒരു നേതാവ് അവരുടെ ഭരണകാലത്ത് എന്ത് നേടി എന്നതിലാണ് ജനങ്ങൾ ശ്രദ്ധിക്കേണ്ടതെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് അജിത് പവാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഞായറാഴ്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"2014ൽ പ്രധാനമന്ത്രി മോദിക്ക് പൊതുജനങ്ങൾ വോട്ട് ചെയ്തത് അദ്ദേഹത്തിന്‍റെ ബിരുദത്തിന്‍റെ അടിസ്ഥാനത്തിലാണോ? അദ്ദേഹം സൃഷ്ടിച്ച കരിസ്മയാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിച്ചത്.ഇപ്പോൾ ഒമ്പത് വർഷമായി രാജ്യത്തെ പ്രതിനിധീകരിക്കുന്നു.അദ്ദേഹത്തിന്‍റെ ബിരുദത്തെക്കുറിച്ച് ചോദിക്കുന്നത് ശരിയല്ല.വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ നാം അദ്ദേഹത്തെ ചോദ്യം ചെയ്യണം. മന്ത്രി ബിരുദം ഒരു പ്രധാന വിഷയമല്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍റെ ബിരുദത്തെക്കുറിച്ച് വ്യക്തത ലഭിച്ചാൽ പണപ്പെരുപ്പം കുറയുമോ, ബിരുദത്തിന്‍റെ നില അറിഞ്ഞാൽ ആളുകൾക്ക് ജോലി ലഭിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

2016 ല്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് പ്രധാനമന്തി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കാനായുള്ള അപേക്ഷ ഡല്‍ഹി മുഖ്യമന്ത്രി കെജ്‍രിവാള്‍ നല്‍കിയിരുന്നു. അപേക്ഷ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്‍ മോദിയുടെ ബിരുദ,ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ അപേക്ഷകന് നല്‍കാന്‍ ഗുജറാത്ത് സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നത് വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും സര്‍വകലാശാലയോട് ആലോചിക്കാതെയാണ് കമ്മീഷന്റെ ഉത്തരവെന്നും കാണിച്ച് സര്‍വകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സര്‍വകലാശാലയുടെ വാദം ശരിവെച്ചാണ് വിശദാംശങ്ങള്‍ കൈമാറേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് ഉത്തരവിറക്കിയത്. കൂടാതെ കെജ്‍രിവാളിന് 25000 രൂപയും പിഴയിട്ടു. കോടതി വിധി ഞെട്ടിച്ചുവെന്ന് പറഞ്ഞ കെജ്‍രിവാള്‍ ബിരുദം ശരിയാണെങ്കില്‍ എന്തുകൊണ്ട് അത് പരസ്യമാക്കുന്നില്ലെന്നും ചോദിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News