വാക്‌സിൻ സർട്ടിഫിക്കറ്റിലെ മോദി ചിത്രം; വിദേശത്ത് ഇന്ത്യക്കാരെ തടഞ്ഞുവച്ച് ഉദ്യോഗസ്ഥർ

നിത്യവും നിരവധി യാത്രികരെയാണ് താൻ കൈകാര്യം ചെയ്യുന്നത്. എന്നാല്‍, വ്യക്തിഗത രേഖയിൽ ഒരു പ്രധാനമന്ത്രിയുടെ ചിത്രം കാണുന്നത് ഇതാദ്യമായാണെന്ന് ഉദ്യോഗസ്ഥ എന്നോട് പറഞ്ഞു-ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ദുരനുഭവം നേരിട്ട ദീപ്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു

Update: 2021-08-22 12:03 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡിനുശേഷം മറ്റു പല മേഖലകളെയും പോലെ വിദേശയാത്രയും മുൻപത്തെക്കാൾ സങ്കീർണമായിരിക്കുകയാണ്. സാധാരണ യാത്രാരേഖകൾക്കു പുറമെ ഇപ്പോൾ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൂടി നൽകിയാലേ വിദേശരാജ്യങ്ങളിലേക്ക് പ്രവേശനമുള്ളൂ. ഓരോ രാജ്യത്തു പോകുമ്പോഴും എമിഗ്രേഷൻ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട്. മിക്ക രാജ്യങ്ങളും ഡിജിറ്റൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളാണ് നൽകിവരുന്നത്. ഉദാഹരണത്തിന് യൂറോപ്യൻ യൂനിയൻ(ഇ.യു) അംഗരാജ്യങ്ങൾക്കിടയിൽ തടസങ്ങളൊന്നുമില്ലാതെ സഞ്ചരിക്കാവുന്ന ഡിജിറ്റൽ സർട്ടിഫിക്കറ്റ് ആണ് അവിടങ്ങളിലെ പൗരന്മാർക്ക് നൽകിവരുന്നത്. അതിൽ, വ്യക്തിവിവരങ്ങളല്ലാതെ ഭരണാധികാരികളുടെ ചിത്രങ്ങളോ പേരോ കാണാനാകില്ല.

എന്നാൽ, ഇന്ത്യയിലെ കാര്യം വ്യത്യസ്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ കോവിഡ് സർട്ടിഫിക്കറ്റുകളാണ് ഇപ്പോൾ ഇന്ത്യയിൽ നൽകിവരുന്നത്. എന്നാൽ, വിദേശയാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കുമുൻപിൽ പുതിയൊരു കുരുക്കായി മാറിയിരിക്കുകയാണ് ഈ മോദിചിത്രം. പലയിടത്തും ഇന്ത്യക്കാർ മണിക്കൂറുകൾ നേരമാണ് ഇതുകാരണം തടഞ്ഞുനിർത്തപ്പെടുകയും ചോദ്യം നേരിടുകയും ചെയ്യുന്നത്. ചിലയിടങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റാണെന്നു സംശയിച്ച് ഉദ്യോഗസ്ഥര്‍ നിയമനടപടിക്കൊരുങ്ങുയ അനുഭവവുമുണ്ട്. വാക്‌സിൻ സർട്ടിഫിക്കറ്റിൽ കാണുന്ന ചിത്രവും യാത്രക്കാരനും തമ്മിൽ അജഗജാന്തരമുണ്ടാകുമ്പോൾ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നതിനെ കുറ്റപ്പെടുത്താൻ പറ്റില്ലല്ലോ..!!

ജർമനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ ദീപ്തി തമന്നെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ തന്റെ ദുരനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇക്കാര്യം വാർത്തയാകുന്നത്. ഇതോടെ വിവിധ വിദേശ രാജ്യങ്ങളിൽ നേരിട്ട പ്രയാസങ്ങൾ പങ്കുവച്ച് കൂടുതൽ പേരും രംഗത്തെത്തി. ദീപ്തിയുടെ അനുഭവം ഇങ്ങനെയായിരുന്നു:

''ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ കസ്റ്റമർ സർവീസ് വിഭാഗത്തിലുള്ള സ്ത്രീ ഞെട്ടിയിരിക്കുകയായിരുന്നു. വീണ്ടും വീണ്ടും എന്റെ വാക്‌സിൻ സർട്ടിഫിക്കറ്റ് നോക്കിക്കൊണ്ടിരുന്നു അവർ. നിത്യവും നിരവധി യാത്രികരെയാണ് രാവും പകലും താൻ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നും എന്നാൽ, ഒരു വ്യക്തിഗത രേഖയിൽ ഏതെങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം കാണുന്നത് ഇതാദ്യമായാണെന്നും അവർ എന്നോട് പറഞ്ഞു. നമ്മളെന്തോ കുറ്റം ചെയ്ത വിചാരത്തിലായിരുന്നു അവർ...''

ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ജുജാർ സിങ് പങ്കുവച്ച അനുഭവവും വ്യത്യസ്തമായിരുന്നില്ല. സൈബീരിയൻ എമിഗ്രേഷൻ വിഭാഗത്തിലായിരുന്നു ഇദ്ദേഹത്തിന് ഇത്തരത്തിൽ ദുരനുഭവം നേരിടേണ്ടിവരുന്നത്. വാക്‌സിൻ സർട്ടിഫിക്കറ്റിൽ കാണുന്ന ചിത്രം തന്റേതല്ലെന്നു ബോധ്യപ്പെട്ടതോടെയാണ് വിമാനത്താവള അധികൃതർ തടഞ്ഞുവച്ചതെന്ന് ജുജാർ സിങ് പറയുന്നു. എന്നാൽ, കൂടുതൽ വിശദീകരിച്ചപ്പോൾ അതു ചിരിയിലേക്ക് വഴിമാറി. ഒരാളുടെ വ്യക്തിഗത സർട്ടിഫിക്കറ്റിൽ ഇതാദ്യമായി ഒരു പ്രധാനമന്ത്രിയുടെ ചിത്രം കണ്ടായിരുന്നു എല്ലാവർക്കും ചിരിപൊട്ടിയത്.

വാക്‌സിൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം രാജ്യത്തും ചർച്ചയായിട്ടുണ്ട്. ഇതിന്റെ നിയമപ്രശ്‌നങ്ങളടക്കം ചൂണ്ടിക്കാട്ടുമ്പോൾ കൂടുതൽ ന്യായീകരണങ്ങൾ നൽകുകയാണ് സർക്കാർവൃത്തങ്ങൾ ചെയ്യുന്നത്. വാക്‌സിനേഷനുശേഷവും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്ന അവബോധം ജനങ്ങൾക്കിടയിൽ വളർത്താനാണ് ഇത്തരത്തിൽ മോദിയുടെ ചിത്രസഹിതമുള്ള സന്ദേശം നൽകിയതെന്നാണ് രാജ്യസഭയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ പ്രതികരിച്ചത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News