'സ്‌പെഷ്യൽ കമാൻഡർ പാർലമെന്റിൽ എത്താത്തതിനാലാണ് ഖാർഗെക്ക് അവസരം ലഭിച്ചത്'; പരിഹസിച്ച് മോദി

ഖാർഗെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ എൻ.ഡി.എക്ക് 400 സീറ്റ് ഉറപ്പാക്കിത്തന്നുവെന്നും മോദി പറഞ്ഞു.

Update: 2024-02-07 10:07 GMT
Advertising

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വിമർശനവും പരിഹാസവുമായി രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം. ഖാർഗെയെ നിയന്ത്രിക്കുന്ന സ്‌പെഷ്യൽ കമാൻഡർ പാർലമെന്റിൽ എത്താത്തതിനാലാണ് അദ്ദേഹത്തിന് പ്രസംഗിക്കാൻ അവസരം ലഭിച്ചത്. പാർലമെന്റിൽ ഇനി അവസരം കിട്ടില്ലെന്ന രീതിയിലാണ് ഖാർഗെ സംസാരിക്കുന്നത്. ഖാർഗെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ എൻ.ഡി.എക്ക് 400 സീറ്റ് ഉറപ്പാക്കിത്തന്നുവെന്നും മോദി പറഞ്ഞു. നന്ദിപ്രമേയ ചർച്ചക്കുള്ള മറുപടി പ്രസംഗത്തിലായിരുന്നു മോദിയുടെ പരാമർശം.

കോൺഗ്രസ് കാലഹരണപ്പെട്ട പാർട്ടിയായി മാറി. അവരുടെ ചിന്ത കാലഹരണപ്പെട്ടു. പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച പാർട്ടി തകർന്നടിഞ്ഞു. അവരോട് സഹതാപമുണ്ട്. പക്ഷേ വൈദ്യൻ തന്നെ രോഗിയാകുമ്പോൾ എന്ത് ചെയ്യാനാകുമെന്ന് മോദി ചോദിച്ചു.

രാജ്യത്തിന്റെ വലിയൊരു ഭാഗം കോൺഗ്രസ് ശത്രുക്കൾക്ക് നൽകി. സേനയുടെ ആധുനികവൽക്കരണത്തെ തടഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികനില തകർത്തവരാണ് സാമ്പത്തിക നയങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നത്. ഒ.ബി.സി വിഭാഗക്കാർക്ക് അർഹമായ സംവരണം നൽകാൻ കോൺഗ്രസ് തയ്യാറായില്ല. പൊതുവിഭാഗത്തിലെ പിന്നാക്കക്കാരെയും പരിഗണിച്ചില്ല. സ്വന്തം കുടുംബത്തിലുള്ളവർക്ക് തന്നെയാണ് അവർ ഭാരതരത്‌നം നൽകിയതെന്നും മോദി ആരോപിച്ചു.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 കാരണം എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. തങ്ങൾ അവർക്കുള്ള അവകാശങ്ങൾ തിരികെ നൽകി. കോൺഗ്രസ് ആദിവാസി, ഗോത്ര, പട്ടികവിഭാഗങ്ങളുടെ ശത്രുവാണ്. നെഹ്‌റു സംവരണത്തെ എതിർത്ത് മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ട്. ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരാളെ രാഷ്ട്രപതിയാക്കിയത് തങ്ങളാണ്. ആദിവാസി സ്്ത്രീ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ കോൺഗ്രസ് എതിർത്തുവെന്നും മോദി കുറ്റപ്പെടുത്തി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News