''നവീൻ പട്‌നായിക്കിന്റെ ആരോഗ്യം എങ്ങനെ വഷളായി, ഒഡീഷയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ അന്വേഷിക്കും': മോദി
എന്റെ ആരോഗ്യത്തെക്കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ എന്നെ വിളിച്ചൊന്ന് അന്വേഷിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് പട്‌നായിക്കിന്റെ മറുപടി
ഭുവനേശ്വര്‍: ഒഡീഷയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ആരോഗ്യനില 'പെട്ടെന്ന് വഷളായതിനെ' കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.ഡി മേധാവിയുടെ ആരോഗ്യനില വഷളായതിന് പിന്നിൽ ഗൂഢാലോചനയുണ്ടാകാമെന്ന് ഒഡീഷയിലെ ബരിപാഡയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.
"വർഷങ്ങളായി, നവീൻ പട്‌നായിക്കിന്റെ അടുത്ത ആളുകൾ എന്നെ കാണുമ്പോഴെല്ലാം, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. നവീൻ ബാബുവിന് ഇനി സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് അവർ എന്നോട് പറയുന്നത്''- പ്രധാനമന്ത്രി മോദി പറഞ്ഞു. 'നവീൻ പട്നായിക്കിന്റെ ആരോഗ്യനില വഷളായതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. നവീൻ ബാബുവിന്റെ പേരിൽ ഒഡീഷയിൽ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് അധികാരം കൈയ്യാളുന്ന ലോബിക്ക് അതിൽ പങ്കുണ്ടോ, ”പ്രധാനമന്ത്രി ചോദിച്ചു.
ഗൂഢാലോചന സംബന്ധിച്ച്, മോദി ആരുടെയും പേര് എടുത്ത് പറയുന്നില്ലെങ്കിലും പട്‌നായിക്കിന്റെ അടുത്ത അനുയായിയായ വി.കെ പാണ്ഡ്യനെ ഉന്നമിട്ടാണ് മോദിയുടെ വിമര്‍ശനമെന്നാണ് പറയപ്പെടുന്നത്. തമിഴ്‌നാട്ടിൽ ജനിച്ച പാണ്ഡ്യനെ, ഒഡീഷ രാഷ്ട്രീയത്തിലെ പുറമെ നിന്നുള്ളയാളെന്ന നിലയിലാണ് ബി.ജെ.പി അവതരിപ്പിക്കുന്നത്.
"നവീൻ പട്നായിക്കിന്റെ ആരോഗ്യനില വഷളായതിന് പിന്നിൽ ഗൂഢാലോചനയുണ്ടാകുമെന്ന് അദ്ദേഹവുമായി ഏറെക്കാലമായി അടുപ്പമുള്ള ആളുകൾ വിശ്വസിക്കുന്നുണ്ട്. തിരശ്ശീലയ്ക്ക് പിന്നിൽ ഒഡീഷയിൽ അധികാരം ആസ്വദിക്കുന്ന ലോബിയാണോ എന്നറിയാൻ ഒഡീഷയിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്''- മോദി പറഞ്ഞു.
അതേസമയം മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നവീന്‍ പട്നായിക്ക് തന്നെ രംഗത്ത് എത്തി. കഴിഞ്ഞ 10 വർഷമായി ബി.ജെ.പിയിലെ നിരവധി നേതാക്കൾ തന്റെ ആരോഗ്യനിലയെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നായിരുന്നു പട്നായികിന്റെ മറുപടി.
എന്റെ ആരോഗ്യത്തെക്കുറിച്ച് എന്തെങ്കിലും ആശങ്കകള്‍ മോദിക്കുണ്ടെങ്കില്‍ എന്നെ വിളിച്ച് അന്വേഷിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും പട്നായിക്ക് പറഞ്ഞു. എന്റെ ആരോഗ്യത്തിനൊരു പ്രശ്നമില്ലെന്നും കഴിഞ്ഞ ഒരു മാസക്കാലമായി സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുകയാണെന്ന് പട്നായിക്ക് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം, ഒരു റാലിക്കിടെ പട്‌നായിക്കിന്റെ വിറയ്ക്കുന്ന കൈ, വി.കെ പാണ്ഡ്യൻ പൊതുജനങ്ങളിൽ നിന്ന് മറയ്ക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് ബി.ജെ.പി പാണ്ഡ്യനെ ലക്ഷ്യമിടുന്നത്.
മെയ് 13 മുതൽ ജൂൺ 1 വരെ നാല് ഘട്ടങ്ങളിലായി ഒഡീഷയിൽ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ ഒരേ സമയമാണ് നടക്കുന്നത്. അവസാന ഘട്ടത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ആറ് ലോക്‌സഭാ സീറ്റുകളും 42 നിയമസഭാ സീറ്റുകളും പോളിങ് ബൂത്തിലെത്തും. സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ ബി.ജെ.പി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെ തന്നെ 'പിടിക്കുന്നത്'.
Summary-PM says will form panel to probe Naveen Patnaik's 'health' if BJP wins polls