'സാരേ ജഹാംസേ അച്ഛാ' എഴുതിയ ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കി ഡല്‍ഹി യൂണിവേഴ്സിറ്റി

ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവർ സിലബസിൽ ഉണ്ടാകരുതെന്ന് ഡൽഹി സർവകലാശാലാ വൈസ് ചാൻസലർ യോഗേഷ് സിങ്

Update: 2023-05-28 09:46 GMT

Muhammad Iqbal

Advertising

ഡല്‍ഹി: 'സാരേ ജഹാംസേ അച്ഛാ' എന്ന ദേശഭക്തി ഗാനം എഴുതിയ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കി ഡൽഹി സർവകലാശാല. ബി.എ പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽ നിന്നാണ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയത്. അക്കാദമിക് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

ബി.എ പൊളിറ്റിക്കൽ സയൻസ് ആറാം സെമസ്റ്റർ വിദ്യാർഥികൾക്കുള്ള ‘മോഡേൺ ഇന്ത്യന്‍ പൊളിറ്റിക്കൽ തോട്ട്’ എന്ന പാഠഭാഗമാണ് ഒഴിവാക്കിയത്. ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവർ സിലബസിൽ ഉണ്ടാകരുതെന്ന് ഡൽഹി സർവകലാശാലാ വൈസ് ചാൻസലർ യോഗേഷ് സിങ് പറഞ്ഞു. ഇന്ത്യാ വിഭജനത്തിന് അടിത്തറ പാകിയ പ്രസംഗം നടത്തിയത് അല്ലാമ ഇഖ്ബാലാണെന്നും അദ്ദേഹത്തിന് പാഠ്യപദ്ധതിയിൽ ഇടം നൽകാനാവില്ലെന്നുമാണ് വി.സിയുടെ വാദം. ഡോ അംബേദ്കകര്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ച് പഠിപ്പിക്കുമെന്നും വി.സി പറഞ്ഞു.

പാർട്ടീഷൻ സ്റ്റഡീസ്, ഹിന്ദു സ്റ്റഡീസ്, ട്രൈബൽ സ്റ്റഡീസ് എന്നിവയ്ക്കായി പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നിർദേശങ്ങളും കൗൺസിൽ അംഗീകരിച്ചു. അതേസമയം അഞ്ച് കൗൺസിൽ അംഗങ്ങൾ വിഭജന കാലത്തെക്കുറിച്ചുള്ള പഠനത്തെ എതിര്‍ത്തു. ഇത് ഭിന്നിപ്പുണ്ടാക്കുമെന്ന് അവര്‍ വാദിച്ചു.

ഇഖ്ബാലിനെ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത് എ.ബി.വി.പി സ്വാഗതം ചെയ്തു. മതഭ്രാന്തനായ പണ്ഡിതൻ ഇഖ്ബാലാണ് ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദിയെന്ന് എ.ബി.വി.പി ആരോപിച്ചു- "പാകിസ്താന്‍റെ ദാർശനിക പിതാവെന്നാണ് മുഹമ്മദ് ഇഖ്ബാലിനെ വിളിക്കുന്നത്. ജിന്നയെ മുസ്‍ലിം ലീഗിൽ നേതാവായി ഉയർത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് അദ്ദേഹമാണ്. ഇന്ത്യയുടെ വിഭജനത്തിന് ജിന്നയെപ്പോലെ മുഹമ്മദ് ഇഖ്ബാലും ഉത്തരവാദിയാണ്".

Summary- Delhi University's Academic Council has passed a motion to remove a chapter on Pakistan's national poet Muhammad Iqbal from the political science syllabus. Muhammad Iqbal wrote the famous patriotic song "Saare Jahan Se Achha".

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News