ഉന്തുവണ്ടിയിൽ രോഗിയെ കൊണ്ടുപോയത് വാര്‍ത്തയാക്കി; മധ്യപ്രദേശിൽ മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ കേസ്
വാർത്ത അടിസ്ഥാനരഹിതമെന്ന് എഫ്.ഐ.ആർ. എല്ലാം സത്യമാണെന്ന് കുടുംബം
ഭോപ്പാൽ: മധ്യപ്രദേശിൽ വയോധികനെ കൈവണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് റിപ്പോർട്ട് ചെയ്ത മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വീഡിയോ റിപ്പോർട്ട് പുറത്ത് വന്ന് മൂന്ന് ദിവസത്തിനുള്ളിലാണ് പ്രാദേശിക മാധ്യമപ്രവർത്തകർക്കെതിരെ വഞ്ചന, ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഐടി ആക്ട് പ്രകാരവും കേസെടുത്തത്. കുഞ്ഞ്ബിഹരി കൗരവ്, അനിൽ ശർമ, എൻകെ ഭട്ടേലെ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫോൺ വിളിച്ചിട്ടും ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് ഉന്തുവണ്ടിയിൽ പിതാവിനെ തള്ളിക്കൊണ്ട് ആശുപത്രിയിൽ എത്തിച്ചു എന്നതായിരുന്നു വാർത്ത.
ദാബോ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ രാജീവ് കൗരവിന്റെ പരാതിയിലാണ് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വാർത്ത അടിസ്ഥാനരഹിതവും വ്യാജവുമായിരുന്നെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. എന്നാൽ വാർത്തിയിലുള്ള എല്ലാം അതെല്ലാം തങ്ങളുടെ കഷ്ടപ്പാടുകളാണെന്നും വീഡിയോയിൽ കാണിച്ചതെല്ലാം സത്യമാണെന്നും വയോധികന്റെ മകൻ ഹരികൃഷ്ണയും മകൾ പുഷ്പയും പറയുന്നു. ഭിന്ദ് ജില്ലയിലെ ദാബോ ടൗണിന് സമീപമുള്ള ലാഹാറിലാണ് സംഭവം നടന്നത്. പ്രദേശത്തെ മാർപുര ഗ്രാമത്തിലാണ് കുടുംബം താമസിക്കുന്നത്.
എന്നാൽ കുടുംബം ആംബുലൻസിനായി വിളിച്ചിട്ടില്ലെന്ന് ഭിൻഡ് ജില്ലാ കളക്ടർ സതീഷ് കുമാർ എസ് രൂപീകരിച്ച റവന്യൂ, ആരോഗ്യ വകുപ്പുകളുടെ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പറയുന്നു.
വൃദ്ധനായ ഗ്യാൻ പ്രസാദ് വിശ്വകർമയെ വീട്ടുകാർ ആദ്യം കൊണ്ടുപോയത് സ്വകാര്യ ആശുപത്രിയിലേക്കാണെന്നും സർക്കാർ ആശുപത്രിയിലേക്കല്ലെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കുടുംബത്തിന് വിവിധ സർക്കാർ പദ്ധതികളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന അധികൃതരുടെ വാദത്തെയും മകൾ എതിർത്തു. 'ഞങ്ങൾക്ക് പ്രധാനമന്ത്രി ആവാസ് യോജനയുടെ ഒരു ഗഡു മാത്രമാണ് ലഭിച്ചത്. ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഒരു സംഘം എന്റെ സഹോദരന്റെ വീടിന്റെ ചിത്രങ്ങൾ പകർത്തിപ്പോകുകയും സർക്കാർ ഉദ്യോഗസ്ഥർ അടുത്തിടെ ഞങ്ങളുടെ കുടിലിൽ വന്ന് ശൂന്യമായ പേപ്പറിൽ ഒപ്പിടുവിച്ചുവെന്ന് മക്കൾ ആരോപിച്ചു.എന്നാൽ ഈ ആരോപണത്തോട് അധികൃതർ പ്രതികരിച്ചിട്ടില്ല.