മുറിയില്‍ നിറയെ നോട്ടുകെട്ടുകള്‍, നോട്ടുകളെണ്ണുന്ന യുവാക്കള്‍; ഇന്‍സ്റ്റഗ്രാം റീലിനു പിന്നാലെയെത്തി പൊലീസ് ,നാലു പേര്‍ അറസ്റ്റില്‍
മുഖ്യപ്രതിയും മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട മറ്റുള്ളവരും ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു
ലഖ്നോ: ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച റീലിനു പിന്നാലെ പൊലീസെത്തിയപ്പോള്‍ പിടികൂടിയത് മയക്കുമരുന്ന് സംഘത്തെ. മുറിയിലിരുന്ന് നോട്ടുകളെണ്ണുന്ന യുവതിയുടെ വീഡിയോ പങ്കിട്ടതാണ് പുലിവാലായത്. ആറ് ലക്ഷത്തിലധികം രൂപ ഇവരില്‍ നിന്നും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, മുഖ്യപ്രതിയും മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട മറ്റുള്ളവരും ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
നാലു പേര്‍ ഒരു മുറിയിലിരുന്ന നോട്ടുകള്‍ എണ്ണുന്നതാണ് വീഡിയോയിലുള്ളത്. മുറിയില്‍ നിറയെ നോട്ടുകളാണ്. തങ്ങളുടെ സ്വപ്നങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഇവരുടെ നോട്ടെണ്ണല്‍. ''ഒരു കാര്‍ വാങ്ങണം, കാര്‍ സ്വന്തമാക്കുക എന്നത് ഒരു സ്വപ്നമാണ്'' എന്ന് ഒരാള്‍ പറയുമ്പോള്‍ നാളെ തന്നെ വണ്ടി വാങ്ങുമെന്ന് മറ്റൊരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തരുൺ അവസ്തി എന്നയാളാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചതെ്ന് റിപ്പോർട്ടുകൾ പറയുന്നു.അവർക്കായി മുറി ബുക്ക് ചെയ്ത സുഹൃത്ത് പങ്കജാണ് മയക്കുമരുന്ന് പാർട്ടിക്ക് വീഡിയോയില്‍ കാണുന്ന ആളുകളെ ക്ഷണിച്ചത്. മയക്കുമരുന്ന് കച്ചവടക്കാരെന്ന് പറയപ്പെടുന്ന അരുൺ, ലക്കി എന്നിവരുമായി ഇവര്‍ക്ക് ബന്ധമുണ്ട്.
അരുണും ലക്കിയും മയക്കുമരുന്ന് റാക്കറ്റ് നടത്തുകയും വിദേശ വിതരണക്കാരുമായി ബന്ധപ്പെടുകയും വിദേശത്തും മയക്കുമരുന്ന് വിതരണം ചെയ്യുന്നവരാണ്. ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. പ്രതികളായ അരുണിന്റെയും ലക്കിയുടെയും മുഴുവൻ ശൃംഖലയെക്കുറിച്ചും എസ്‌ടിഎഫ്(Special Task Force) അന്വേഷിക്കുകയും അരുൺ ഉൾപ്പെടെ അറസ്റ്റിലായ നാല് പേരുടെയും പങ്ക് കണ്ടെത്തുകയും ചെയ്തു.
ജൂലൈ 16നാണ് പ്രസ്തുത ഇന്‍സ്റ്റഗ്രാം റീല്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ലഖ്‌നോവിലെ രാജധാനി ഹോട്ടലിലാണ് റീൽ ചിത്രീകരിച്ചത്.നാല് പേരും പൊലീസ് കസ്റ്റഡിയിലാണ്. അരുൺ അവസ്തി, സുഹൃത്ത് സ്വസ്തിക, പങ്കജ്, ഡ്രൈവർ അജ്മൽ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്.