വധശ്രമവും ഗൂഢാലോചനയും; ജഗൻ മോഹൻ റെഡ്ഡിക്കെതിരെ കേസെടുത്ത് പൊലീസ്
ടി.ഡി.പി എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
വിജയവാഡ: മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. കൂടെ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭരണകക്ഷി ടി.ഡി.പിയുടെ എം.എൽ.എ കെ രഘുരാമ കൃഷ്ണം രാജുവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. രാജു മുൻ വൈ.എസ്.ആർ.സി.പി എം.പി ആയിരുന്നു.
2021ൽ ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരം പൊലീസ് ഉദ്യോഗസ്ഥർ തന്നെ മർദിച്ചുവെന്നാരോപിച്ചാണ് പരാതി. വൈ.എസ്.ആർ.സി.പി സർക്കാരിനും അന്നത്തെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് 2021 മെയ് മാസത്തിൽ രാജുവിനെ അറസ്റ്റ് ചെയ്തിരുന്നു.
തന്നെ ഹൈദരാബാദിൽ വെച്ച് അറസ്റ്റ് ചെയ്തതായും വാറണ്ടില്ലാതെ ഗുണ്ടൂർ ജില്ലയിലെ സി.ബി-സി.ഐ.ഡി ഓഫീസിലേക്ക് മാറ്റിയതായും അദ്ദേഹം ഗുണ്ടൂർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഓഫീസിൽ വച്ച് അന്നത്തെ സി.ഐ.ഡി മേധാവി പി.വി സുനിൽ കുമാറും മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥനായ പി സീതാരാമഞ്ജനേയുലുവും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ റബർ ബെൽറ്റും ലാത്തിയും ഉപയോഗിച്ച് മർദിച്ചു. മരുന്ന് കഴിക്കാൻ പോലും അനുവദിച്ചില്ല. മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സ്വാധീനത്തിലാണ് ഇത് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ് ബലം പ്രയോഗിച്ച് മൊബൈൽ എടുത്ത് പാസ്‌വേർഡ് വാങ്ങിച്ചു. റെഡ്ഡിയെ വിമർശിക്കുന്നത് നിർത്തിയില്ലെങ്കിൽ കൊന്നുകളയുമെന്ന് സുനിൽ കുമാർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സുനിൽ കുമാറിനെ ഒന്നാം പ്രതിയായും ഐ.പി.എസ് ഉദ്യോഗസ്ഥനെ രണ്ടാം പ്രതിയായും ജഗൻ മോഹൻ റെഡ്ഡിയെ മൂന്നാം പ്രതിയായും പൊലീസ് കേസെടുത്തു.