ബി.ജെ.പി ആസ്ഥാനത്തേക്ക് AAP നടത്തുന്ന മാർച്ചിന് അനുമതി തേടിയിട്ടില്ലെന്ന് പൊലീസ്
കെജ്‍രിവാളിന്റെ പി.എ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്.
ഡൽഹി: ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്തേക്ക് ആംആദ്മി പാർട്ടി നടത്തുന്ന മാർച്ചിന് അനുമതി തേടിയിട്ടില്ലെന്ന് പൊലീസ്. 12മണിക്ക് മാർച്ച് നടത്തുമെന്നാണ് ആംആദ്മി പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി ആസ്ഥാനത്തിന് മുൻപിൽ വൻ സുരക്ഷാവിന്യാസമാണ് ഏർപ്പെടുത്തി. ഡൽഹി പൊലീസിന് പുറമേ അർദ്ധ സൈനിക വിഭാഗത്തിന്റെയും ദ്രുത കർമ്മ സേനയുടെയും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്.
അതേസമയം, സ്വാതി മലിവാൾ എം.പിയെ മർദിച്ച കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഉച്ചയോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയേക്കും. മർദനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പൊലീസ് ചോദിക്കുന്നത്. കെജ്‌രിവാളിന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കെജ്‌രിവാളിന്റെ വീട്ടിൽ നിന്ന് ഇന്നലെയാണ് ബിഭവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം അറസ്റ്റിനെതിരെ ബി.ജെ.പി ആസ്ഥാനത്തേക്ക് ‘ജയിലിൽ അടയ്ക്കൂ’ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ പുതിയ രാഷ്ട്രീയപ്പോരിനു കളമൊരുങ്ങി. കെജ്‌രിവാളിന്റെ വസതിയിലെത്തിയ സ്വാതി മലിവാളിനെ വനിതാ സുരക്ഷാ സേനാംഗം ഉൾപ്പെടെയുള്ളവർ ചേർന്നു പുറത്തേക്കു കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങൾ ആം ആദ്മി പാർട്ടി (എഎപി) പുറത്തുവിട്ടു. അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന സ്വാതി കേന്ദ്ര ഏജൻസികളെ ഭയന്നു ബി.ജെ.പിയിൽ ചേരുമെന്ന് എ.എ.പി ആരോപിച്ചു. ബിഭവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ വൈകിട്ട് തീസ് ഹസാരി കോടതി പരിഗണിച്ചെങ്കിലും അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അതു നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി.
അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്തെന്നാണ് സ്വാതി മലിവാളിന്റെ പരാതി. ബിഭവ് കുമാർ തന്‍റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും കെജരിവാളിന്‍റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നും കാണിച്ച് സ്വാതി പൊലീസിന് മൊഴിയും നൽകിയിരുന്നു. സ്വാതിയെ കെജ്‌രിവാളിന്റെ വസതിയിലെത്തിച്ച് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു.