ആംബുലൻസിൽ സൈറൻ മുഴക്കി പാഞ്ഞ് യുവാവ്; തടഞ്ഞ് പരിശോധിച്ചപ്പോൾ കിട്ടിയത് 364 കിലോ കഞ്ചാവ്
ബുധനാഴ്ച രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ആംബുലൻസ് പൊലീസ് സംഘം തടയുകയായിരുന്നു.
റായ്പൂർ: സൈറൻ മുഴക്കി ആംബുലൻസിൽ പായുന്ന യുവാവ്. സംശയം തോന്നി വാഹനം തടഞ്ഞ് പരിശോധിച്ചപ്പോൾ കണ്ടത് രോഗിയെയോ മൃതദേഹമോ അല്ല- ഒരു ലോഡ് കഞ്ചാവ്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം.
364 കിലോ കഞ്ചാവാണ് ആംബുലൻസിൽ നിന്നും പൊലീസ് കണ്ടെടുത്തത്. തുടർന്ന് ഡ്രൈവറായ സാരംഗഡ്- ബിലൈഗഡ് സ്വദേശി സൂരജ് ഖൂട്ടെ (22)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ആംബുലൻസ് പൊലീസ് സംഘം തടയുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് വൻതോതിൽ കഞ്ചാവ് കടത്തുകയാണെന്ന വ്യക്തമായതെന്ന് ആസാദ് ചൗക്ക് സിറ്റി പൊലീസ് സൂപ്രണ്ട് മായങ്ക് ഗുർജാർ പറഞ്ഞു.
അമാനക പാെലീസ് സ്റ്റേഷൻ പരിധിയിലാണ് ആംബുലൻസ് തടഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ആംബുലൻസിൽ നിന്ന് പൊലീസ് സംഘം പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 36 ലക്ഷം രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒഡീഷയിൽ നിന്ന് ബലോദ ബസാറിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന് പിടിയിലായ പ്രതി വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.