ഹരിയാനയിലെ സംഘർഷബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ സി.പി.ഐ സംഘത്തെ പൊലീസ് തടഞ്ഞു
നിരോധനാജ്ഞ നിലനിൽക്കുന്നു എന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്.
ന്യൂഡൽഹി: ഹരിയാനയിലെ സംഘർഷബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ സി.പി.ഐ സംഘത്തെ പൊലീസ് തടഞ്ഞു. നിരോധനാജ്ഞ നിലനിൽക്കുന്നു എന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. ബിനോയ് വിശ്വം, സന്തോഷ് കുമാർ തുടങ്ങിയ എം.പിമാർ അടക്കമുള്ള സംഘത്തെയാണ് തടഞ്ഞത്.
സംഘർഷം നടക്കുന്ന നൂഹിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. നേതാക്കൾ ഏറെ നേരം പൊലീസുമായി സംസാരിച്ചെങ്കിലും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. അതേസമയം നിരോധനാജ്ഞ പ്രഖ്യാപിക്കാത്ത സ്ഥലങ്ങളിൽ നേതാക്കൾ സന്ദർശനം നടത്തി.
ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിൽ സി.പി.എം പ്രതിനിധി സംഘവും വൈകീട്ട് ഹരിയാനയിൽ സന്ദർശനം നടത്തുന്നുണ്ട്. അതിനിടെ നൂഹിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടി അധികൃതർ തുടരുകയാണ്. അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്. ഒരു ഹോട്ടൽ അടക്കം ഇന്ന് പൊളിച്ചനീക്കി. നാല് ദിവസമായി നൂഹിൽ പൊളിച്ചുനീക്കൽ തുടരുകയാണ്. പൊളിച്ചുനീക്കിയ കെട്ടിടങ്ങളെല്ലാം മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ളതാണെന്നും ആരോപണമുണ്ട്.