ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്; വൻ റാലികളുമായി പാര്‍ട്ടികള്‍

രണ്ടര പതിറ്റാണ്ട് നീണ്ട തുടർഭരണം ഗുജറാത്തിൽ ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി

Update: 2022-11-29 01:03 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഗാന്ധിനഗര്‍: ഗുജറാത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കലാശക്കൊട്ടിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മുൻ ഗുജറാത്ത് മന്ത്രി ജയ് നാരായൺ വ്യാസ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നു. കലാശക്കൊട്ട് കൊഴുപ്പിക്കാൻ എല്ലാ പാർട്ടികളും ഇന്ന് റാലികൾ സംഘടിപ്പിച്ചിട്ടുണ്ട്.

രണ്ടര പതിറ്റാണ്ട് നീണ്ട തുടർഭരണം ഗുജറാത്തിൽ ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി. ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയതോടെ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് മറ്റാരേക്കാളും നന്നായി ബി.ജെ.പിക്ക് അറിയാം. ജന്മനാട്ടിൽ പ്രധാന മന്ത്രി തിരക്കുകൾ മാറ്റി വെച്ച് ഇടവേളകൾ ഇല്ലാതെ പ്രചാരണത്തിന് ഇറങ്ങിയതും അത് കൊണ്ട് തന്നെയാണ്. കേന്ദ്രമന്ത്രിമാർ മുഴുവൻ തമ്പടിച്ച ഗുജറാത്ത് നിയമസഭാ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം കാഴ്ചക്കാർ മാത്രമായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണത്തിന്‍റെ ചുക്കാൻ ഏറ്റെടുത്തപ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാർ ഗുജറാത്തിൽ പാർട്ടിക്ക് വോട്ട് അഭ്യർത്ഥിച്ചെത്തി.

പൊതുറാലികളെക്കാൾ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചത് ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള പ്രചരണ പരിപാടികളിലാണ്. ഗൃഹ സന്ദർശന പരിപാടികൾ വഴി ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ 89 മണ്ഡലങ്ങളിലും ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ ആണ് കോൺഗ്രസ് ശ്രമിച്ചത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. കലാശക്കൊട്ട് ദിനത്തിൽ ആം ആദ്മി പാർട്ടി ഉൾപ്പടെ 3 മുന്നണികളും വിപുലമായ റാലികൾ ഗുജറാത്തിൽ സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടെടുപ്പ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News