മോദി മൂന്നാം തവണയും അധികാരത്തിലെത്തും; പ്രതിപക്ഷം ദുര്‍ബലമാകില്ലെന്ന് പ്രശാന്ത് കിഷോര്‍

മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി തിരിച്ചുവരും

Update: 2024-05-22 03:16 GMT
Editor : Jaisy Thomas | By : Web Desk

പ്രശാന്ത് കിഷോര്‍

Advertising

ഡല്‍ഹി: നിലവില്‍ രാജ്യത്ത് ബി.ജെ.പിക്കെതിരെ വ്യാപകമായ രോഷമോ വെല്ലുവിളിയോ ഇല്ലെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോർ. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്നും മോദി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ വ്യക്തമാക്കി.

ജൂണ്‍ 4ലെ ഫലം എന്തായിരിക്കുമെന്ന എന്‍ഡിടിവി എഡിറ്റര്‍ ഇന്‍ ചീഫ് സഞ്ജയ് പുഗാലിയയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. '' ജൂൺ 4 ഫലം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം. പത്രപ്രവർത്തകർ, സൈഫോളജിസ്റ്റുകൾ, വിദഗ്ധർ എന്നിവർക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം, സ്ഥിരത ചിലപ്പോൾ വിരസമാകുമെന്ന് ഞാൻ പറയും.കഴിഞ്ഞ അഞ്ചു മാസത്തെ സാഹചര്യം നോക്കിയാല്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തിയാലും മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി തിരിച്ചുവരുമെന്ന് തോന്നുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അവർക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അതേ സംഖ്യകൾ ലഭിച്ചേക്കാം അല്ലെങ്കിൽ കുറച്ചുകൂടി മെച്ചപ്പെടാം'' പ്രശാന്ത് കിഷോര്‍ വിശദീകരിച്ചു.

"നമ്മൾ അടിസ്ഥാനകാര്യങ്ങൾ നോക്കണം, നിലവിലുള്ള സർക്കാരിനും നേതാവിനുമെതിരെ രോഷമുണ്ടെങ്കിൽ, ഒരു ബദലുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ, അവര്‍ക്കെതിരെ വോട്ടുചെയ്യാൻ ആളുകൾ തീരുമാനിച്ചേക്കാം.മോദിക്കെതിരെ വ്യാപകമായ ജനരോഷമുണ്ടെന്ന് തോന്നിയിട്ടില്ല. നിരാശയും നടപ്പാക്കാത്ത വാഗ്ദാനങ്ങളുമുണ്ടാകാം. പക്ഷെ വ്യാപകമായ രോഷത്തെക്കുറിച്ച് നമ്മള്‍ കേട്ടിട്ടില്ല. അല്ലെങ്കില്‍ മറ്റൊരാള്‍ വന്നാല്‍ അവസ്ഥ മെച്ചപ്പെടുമെന്ന് ആളുകള്‍ക്ക് തോന്നണം. രാഹുൽ ഗാന്ധി വന്നാൽ കാര്യങ്ങൾ മെച്ചപ്പെടും എന്നൊന്നും നമ്മൾ കേട്ടിട്ടില്ല.അദ്ദേഹത്തിൻ്റെ അനുയായികൾ അങ്ങനെ പറഞ്ഞേക്കാം, പക്ഷേ ഞാൻ കൂടുതൽ വ്യാപകമായ തലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ഘട്ടങ്ങളിലെ കുറഞ്ഞ വോട്ടിംഗ് ശതമാനത്തെക്കുറിച്ചും കിഷോര്‍ സംസാരിച്ചു. പലരും ബി ജെ പിയെയായിരിക്കും അത് അസ്വസ്ഥരാക്കുകയെന്നാണ് വിശ്വസിച്ചത്. എന്നാല്‍ കുറഞ്ഞ വോട്ടിംഗ് ശതമാനം ഏതെങ്കിലുമൊരു പക്ഷത്തെ വെല്ലുവിളിക്കുന്നതാണെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ അടിത്തറയില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില സമയങ്ങളില്‍, കുറഞ്ഞ വോട്ടിംഗ് ശതമാനം നിലവിലെ സ്ഥാനാര്‍ഥിക്ക് അനുകൂലമായി മാറിയെന്നും ചിലപ്പോള്‍ അത് വെല്ലുവിളിക്കുന്നവര്‍ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് 370 സീറ്റുകൾ നേടുക അസാധ്യമാണെന്നും 300 സീറ്റുകള്‍ ലഭിക്കുമെന്നും ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News