ആദ്യ രണ്ട് ഘട്ടങ്ങളിൽ പോളിങ് കുറഞ്ഞു: ബിഹാറിൽ എൻ.ഡി.എ സഖ്യം ആശങ്കയിൽ
തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം അടുത്തിരിക്കെ മോദിയുടെ വിദ്വേഷ പ്രസംഗം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബിഹാറിലെ എന്‍.ഡി.എ സഖ്യകക്ഷികള്‍.
പറ്റ്ന: ബിഹാറില്‍ എൻ.ഡി.എ സഖ്യം ആശങ്കയിൽ. ആദ്യഘട്ടത്തിലും, രണ്ടാം ഘട്ടത്തിലും വോട്ടിങ് ശതമാനം കുറഞ്ഞതാണ് ബി.ജെ.പിയുടെ ആശങ്കയ്ക്ക് കാരണം. മോദിയുടെ വിദ്വേഷ പ്രസംഗവും സംസ്ഥാനത്ത് എൻ.ഡി.എക്ക് തിരിച്ചടി ഉണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്.
തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം അടുത്തിരിക്കെ മോദിയുടെ വിദ്വേഷ പ്രസംഗം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബിഹാറിലെ എന്‍.ഡി.എ സഖ്യകക്ഷികള്‍. പല മണ്ഡലങ്ങളിലും ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണെന്നിരിക്കെയാണ് മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം എതിര്‍കക്ഷികള്‍ ആയുധമാക്കിയിരിക്കുന്നത്.
ബിഹാറില്‍ ജെ.ഡി.യു മത്സരത്തിനിറങ്ങുന്ന പല മണ്ഡലങ്ങളിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. നിതീഷ് കുമാറിന്റെ മതേതര പ്രതിച്ഛായയില്‍ ലഭിച്ചിരുന്ന ഈ വോട്ടുകള്‍ നഷ്ടമാകുമോ എന്ന ആശങ്ക സ്ഥാനാര്‍ത്ഥികള്‍ക്കുണ്ട്. മോദിയുടെ പരാമര്‍ശം ഇന്‍ഡ്യ സഖ്യത്തിന് അനുകൂലമായി ന്യൂനപക്ഷ ധ്രുവീകരണത്തിന് കാരണമാകുമോ എന്നാണ് ജെ.ഡി.യുവും എല്‍.ജെ.പിയും ഭയപ്പെടുന്നത്.ഇതിന് പുറമെ ആദ്യ രണ്ടു ഘട്ടത്തിലും ബിഹാറില്‍ വോട്ടിങ് ശതമാനം കുറഞ്ഞതില്‍ ബി.ജെ.പി ആശങ്കയിലുമാണ്.
ബിഹാറില്‍ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന നാലു മണ്ഡലങ്ങളില്‍ 48.88 ശതമാനവും രണ്ടാം ഘട്ടിൽ 60 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. മോദി ഗ്യാരന്‍റിയിലും നിതീഷ് കുമാറിലും വിശ്വസിച്ച് കൂടുതല്‍ പേര്‍ വോട്ട് ചെയ്യാനെത്തുമെന്ന എന്‍.ഡി.എ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി ബിഹാറിലെ ശതമാന കണക്ക്.
അതേസമയം പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിൽ വിശദീകരണം നൽകാനുള്ള സമയം ഇന്ന്(തിങ്കളാഴ്ച) അവസാനിക്കും. 11 മണിക്ക് മുൻപായി പാർട്ടി അധ്യക്ഷനാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശദീകരണം നൽകേണ്ടത്. താര പ്രചാരകനായതിനാലാണ് പാർട്ടി അധ്യക്ഷന്‍ മറുപടി നൽകേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിശദീകരണം ആവശ്യപ്പെട്ടത്.