വിവാദ ഐ.എ.എസ് ട്രെയ്നി പൂജ ഖേദ്കറുടെ അമ്മ പൊലീസ് കസ്റ്റഡിയിൽ
ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്
മുംബൈ: ഭൂമി തർക്കവുമായി ബന്ധപ്പെട്ട് നാട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ അമ്മ മനോരമ ഖേദ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി ജൂലൈ 20 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒളിവിൽ കഴിയുകയായിരുന്ന മനോരമയെ റായ്ഗഡ് ജില്ലയിലെ ഒരു ലോഡ്ജിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മനോരമയും ഭർത്താവ് ദിലീപ് ഖേദ്കറും ചിലരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. തുടർന്നാണ് പൊലീസ് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചത്. വരുമാനത്തിനും അപ്പുറം സ്വത്തുണ്ടെന്ന പരാതിയെ തുടർന്ന് പൂനെ അഴിമതി വിരുദ്ധ ബ്യൂറോ ദിലീപ് ഖേദ്കറിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൂജ ഖേദ്‌കറിനെതിരായ പരാതിക്കിടയിലാണ് ഇപ്പോൾ അമ്മയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രത്യേക ക്യാബിനും ജീവനക്കാരും വേണമെന്ന് ആവശ്യപ്പെടുകയും സ്വകാര്യ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തെന്ന് പൂജയ്ക്കെതിരെ കലക്ടറുടെ റിപ്പോർട്ടുണ്ട്. കോടികളുടെ സ്വത്ത് ഉണ്ടായിട്ടും ഒ.ബി.സി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകിയ പൂജ, കാഴ്ചവൈകല്യത്തിന് കൃത്രിമ രേഖയുണ്ടാക്കിയെന്നും ആരോപണം ഉയർന്നിരുന്നു. പൂജയ്ക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അന്വേഷണം പുരോഗമിക്കുകയാണ്.
Controversial probationary IAS officer #PujaKhedkar's mother Manorama Khedkar, who was detained by police in Raigad district, was brought to Pune.
— The New Indian Express (@NewIndianXpress) July 18, 2024
📹ANI. pic.twitter.com/TxD1fntfUB