പി.എഫ്.ഐ സ്ഥാപക നേതാവ് ഇ. അബൂബക്കറിനെ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റും
അർബുദ രോഗബാധിതനായ അബൂബക്കർ 54 ദിവസമായി ജയിലിലാണ്
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് സ്ഥാപക ചെയർമാൻ ഇ. അബൂബക്കറിനെ എയിംസിലേക്ക് മാറ്റും. ഡൽഹി പാട്യാല ഹൗസിൽ പ്രവർത്തിക്കുന്ന എൻ.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. അർബുദ രോഗബാധിതനായ അബൂബക്കർ 54 ദിവസമായി ജയിലിലാണ്. രോഗാവസ്ഥ ചൂണ്ടികാട്ടി നൽകിയ ജാമ്യപേക്ഷ നിരസിച്ചാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.
ആരോഗ്യകരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം നേരത്തെ ജാമ്യാപേക്ഷ നൽകിയിരുന്നു. അർബുദ രോഗത്തിന്റെ മൂന്നാംഘട്ടം കടന്നതിനാൽ ഇനി ജയിലിൽ ചികിത്സ നൽകാൻ കഴിയില്ലെന്നാണ് അബൂബക്കറിന് വേണ്ടി ഹാജരായ ദീപക് പ്രകാശ് കോടതിയിൽ വ്യക്തമാക്കിയത്. അബൂബക്കറിനെ എയിംസിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാമ്യത്തിൽ ചികിത്സ നൽകണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാൽ ഈ സമയത്ത് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അബൂബക്കറിന് ജാമ്യം നൽകുന്നതിനെ എൻ.ഐ.എ ശക്തമായി എതിർത്തു.