'പ്രധാനമന്ത്രിയെ വധിക്കാൻ പോപുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തി': ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്
കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത ഷെഫീക്കിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ ആരോപണമുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ജൂലൈയിൽ ബിഹാറിൽ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ വധിക്കാൻ നീക്കം നടത്തിയെന്നാണ് ഇ.ഡിയുടെ ആരോപണം. കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത ഷെഫീക്കിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ ആരോപണമുള്ളത്.
ജൂലൈയിൽ 12ന് പറ്റ്നയിലെ ബി.ജെ.പി റാലിക്കിടെ പ്രധാനമന്ത്രിയെ വധിക്കാൻ നീക്കം നടന്നുവെന്നാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. യു.പിയിൽ നിന്നുള്ള ചില നേതാക്കളെയും വധിക്കാൻ നീക്കം നടന്നുവെന്നും ഇതിനായി പ്രവർത്തകർക്ക് പോപുലർ ഫ്രണ്ട് പരിശീലനം നൽകിയെന്നും റിപ്പോർട്ടിലുണ്ട്. 2013ൽ മോദി പങ്കെടുത്ത പരിപാടിക്കിടെ ബോംബെറിഞ്ഞിരുന്നു. ഇതിലും പി.എഫ്.ഐക്ക് പങ്കുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 120 കോടി രൂപ വിദേശത്ത് നിന്ന് ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇ.ഡി റിപ്പോർട്ടിൽ പറയുന്നു. വിദേശത്ത് ജോലി ചെയ്ത സമയത്ത് ഉണ്ടായിരുന്ന ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഷഫീക്ക് പണം സ്വരൂപിച്ചതെന്നും ഇ.ഡിയുടെ റിമാന്റ് റിപ്പോർട്ടിലുണ്ട്.
കേരളത്തിൽ നിന്നടക്കം അറസ്റ്റ് ചെയ്ത പോപുലർ ഫ്രണ്ടിന്‍റെ ദേശീയ നേതാക്കളെ എൻ.ഐ.എ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇന്നലെ 8 മണിക്കൂറാണ് ഇവരെ എന്‍.ഐ.എ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തത്. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പി.എഫ്.ഐ നേതാക്കളെ വീണ്ടും കോടതിയിൽ ഹാജരാക്കും. സംഘടനയെ നിരോധിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ആൾ ഇന്ത്യാ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു.