ജനസംഖ്യാ അസന്തുലിതാവസ്ഥ അനുവദിക്കാനാവില്ല: യോഗി ആദിത്യനാഥ്
'ജനസംഖ്യാ നിയന്ത്രണ പരിപാടികൾ വിജയകരമായി തന്നെ മുന്നോട്ട് പോകണം. എന്നാൽ അസന്തുലിതാവസ്ഥ അനുവദിക്കാനാവില്ല'
ലഖ്നൌ: ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അനുവദിക്കാനാവില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനസംഖ്യാ നിയന്ത്രണ പരിപാടികൾ വിജയകരമായി തന്നെ മുന്നോട്ട് പോകണം. എന്നാൽ അത് അസന്തുലിതാവസ്ഥക്ക് കാരണമാകരുതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ജനസംഖ്യാ ദിനത്തിൽ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ജനസംഖ്യാ സ്ഥിരതയെ കുറിച്ച് ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്. ഒരു തരത്തില്‍ ജനസംഖ്യ സമൂഹത്തിന്റെ നേട്ടമാണ്. എന്നാൽ സമൂഹം ആരോഗ്യത്തോടെയും രോഗരഹിതമായും നിലനിൽക്കുമ്പോൾ മാത്രമേ അത് നേട്ടമാകൂ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
"നമുക്ക് വൈദഗ്ധ്യമുള്ള മാനവ വിഭവശേഷി ഉണ്ടെങ്കിൽ, അത് സമൂഹത്തിന് നേട്ടമാണ്. എന്നാൽ രോഗങ്ങളും വിഭവങ്ങളുടെ അഭാവവും ക്രമക്കേടുകളും ഉള്ളിടത്ത് ജനസംഖ്യാ വിസ്ഫോടനം ഒരു വെല്ലുവിളിയായി മാറുന്നു"- മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു- "ആശ സഹോദരിമാർ, അംഗണവാടി പ്രവർത്തകർ, ഗ്രാമ പ്രധാൻമാർ, അധ്യാപകർ തുടങ്ങിയവർക്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയും. ഈ ദിശയിൽ കൂട്ടായ പരിശ്രമം ആവശ്യമാണ്."
ജനങ്ങളുടെ പിന്തുണയോടെയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് ജനസംഖ്യാ നിയന്ത്രണം നടപ്പാക്കേണ്ടതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്, ആരോഗ്യമന്ത്രി മായേങ്കശ്വർ ശരൺ സിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.