60 കോടി ജനങ്ങളെ പട്ടിണിയില്‍ നിന്ന് കരകയറ്റിയത് മോദി സര്‍ക്കാര്‍, സമ്പദ്‌വ്യവസ്ഥയുടെ മുതൽക്കൂട്ടാണ് ജനസംഖ്യ: അമിത് ഷാ

'വീടും ബാങ്ക് അക്കൗണ്ടും ഗ്യാസ് സിലിണ്ടറും സൗജന്യ റേഷനും നൽകി. ഇപ്പോൾ ആളുകൾക്ക് ആഗ്രഹങ്ങളുണ്ട്. പ്രധാനമന്ത്രി അവരെ ആഗ്രഹങ്ങളുള്ളവരാക്കി'

Update: 2022-08-10 08:34 GMT
Advertising

ജനസംഖ്യ സമ്പദ്‌വ്യവസ്ഥയുടെ മുതൽക്കൂട്ടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൗജന്യ റേഷൻ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിലൂടെ കഴിഞ്ഞ ഏഴു വർഷത്തിനിടെ 60 കോടിയോളം ജനങ്ങളെ നരേന്ദ്ര മോദി സർക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്നും അമിത് ഷാ അവകാശപ്പെട്ടു.

"ജനസംഖ്യ കരുത്താണെന്ന് സാമ്പത്തിക ശാസ്ത്രം അറിയുന്നവർ വിശ്വസിക്കുന്നു. ജനസംഖ്യ വിപണിയുടെ തോതിനെ പ്രതിനിധീകരിക്കുന്ന ആസ്തിയാണെന്ന് എന്നെപ്പോലുള്ളവര്‍ കരുതുന്നു. 2014 വരെ ഇന്ത്യയുടെ ജനസംഖ്യ 130 കോടി ആയിരുന്നു. എന്നാൽ 60 കോടി ആളുകൾക്ക് വാങ്ങൽ ശേഷി ഇല്ലാത്തതിനാൽ വിപണി 70 കോടി ആളുകളിൽ മാത്രമായി പരിമിതപ്പെട്ടു"- അമിത് ഷാ സഹകരണ മന്ത്രാലയത്തിന്‍റെ പരിപാടിയിൽ പറഞ്ഞു.

60 കോടി ആളുകൾ ഒരു നേരത്തെ ഭക്ഷണം കണ്ടെത്താനാണ് സമയം ചെലവഴിച്ചത്. സർക്കാർ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ ദൈനംദിന ക്ലേശങ്ങളിൽ നിന്ന് കരകയറാൻ അവര്‍ക്ക് കഴിയില്ലായിരുന്നു-

"മോദി ജി അവരുടെ പ്രശ്നം ഒറ്റയടിക്ക് പരിഹരിച്ചു. അവർക്ക് വീടും ബാങ്ക് അക്കൗണ്ടുകളും ഗ്യാസ് സിലിണ്ടറുകളും ശുദ്ധമായ കുടിവെള്ളവും ആരോഗ്യ സൗകര്യങ്ങളും സൗജന്യ റേഷനും നൽകി. ഇപ്പോൾ ഈ ആളുകൾക്ക് ആഗ്രഹങ്ങളുണ്ട്. ഇപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചതിനാൽ ഫാനോ കൂളറോ വേണം. സ്‌കൂട്ടർ വേണം. പ്രധാനമന്ത്രി അവരെ ആഗ്രഹങ്ങളുള്ളവരാക്കി. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുമ്പോൾ മാത്രമേ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ കഴിയൂ"- അമിത് ഷാ പറഞ്ഞു.

60 കോടി ജനങ്ങളുടെ പോക്കറ്റിൽ 5,000 രൂപയുണ്ടെങ്കിൽ അവർക്ക് സഹകരണ പ്രസ്ഥാനത്തില്‍ ചെലവഴിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 20 ലക്ഷം സഹോദരിമാർ 60,000 കോടി രൂപ വിറ്റുവരവുള്ള ഒരു സ്ഥാപനം നടത്തുന്നുണ്ടെന്നും അതാണ് അമൂല്‍ എന്നും അമിത് ഷാ പറഞ്ഞു.

300ലധികം സഹകരണ സംഘങ്ങളെ ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലെയ്‌സ് (ജിഇഎം) പോർട്ടലിൽ ഉൾപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 100 കോടി രൂപയുടെ വിറ്റുവരവോ നിക്ഷേപമോ ഉള്ള യോഗ്യരായ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ജിഇഎമ്മിൽ ഓർഡറുകൾ നൽകാൻ കഴിയും. ഇന്ത്യയിൽ 8.5 ലക്ഷത്തിലധികം സഹകരണ സ്ഥാപനങ്ങളുണ്ട്. കൂടുതല്‍ പേരിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കാന്‍ ഒരു വലിയ പ്ലാറ്റ്ഫോം എന്ന നിലയില്‍ ജിഇഎം പ്ലാറ്റ്‌ഫോമിൽ സ്വയം രജിസ്റ്റർ ചെയ്യാൻ സഹകരണ സംഘങ്ങളോട് അമിത് ഷാ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിലും റിക്രൂട്ട്‌മെന്റിലും പർച്ചേസിങ്ങിലും സഹകരണ സംഘങ്ങൾ സുതാര്യത ഉറപ്പാക്കണം. പുതിയ സഹകരണ നയം രൂപീകരിക്കുക, പരിശീലന ആവശ്യങ്ങൾക്കായി ഒരു സർവ്വകലാശാല സ്ഥാപിക്കുക, കയറ്റുമതി സ്ഥാപനങ്ങൾ തുടങ്ങുക എന്നിങ്ങനെ സഹകരണ മേഖലയിൽ പരിഷ്‌കരണം കൊണ്ടുവരാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അമിത് ഷാ വിശദീകരിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News