''ഹിന്ദു യുവാക്കളുടെ ലൈംഗികശക്തി കുറക്കാൻ പോൺ ജിഹാദ്''; ഫിസിക്‌സ് ട്യൂട്ടോറിയലിൽ മുസ്‌ലിം വിദ്വേഷപ്രചാരണവുമായി യൂട്യൂബർ
ഐ.ഐ.ടി-ജെ.ഇ.ഇ, നീറ്റ് വിദ്യാർത്ഥികൾക്കായുള്ള ഫിസിക്‌സ് ട്യൂട്ടോറിയലിൽ 'കണ്ണാടിയുടെ ഉപയോഗം' വിശദീകരിക്കുന്നതിനിടയിലാണ് വിവാദ പരാമർശങ്ങളുള്ളത്
മുംബൈ: ഹിന്ദു യുവാക്കളുടെ ലൈംഗികശക്തി കുറയ്ക്കാൻ മുസ്‌ലിംകൾ പുതിയ ജിഹാദ് ആരംഭിച്ചതായുള്ള ആരോപണവുമായി പ്രമുഖ യൂട്യൂബർ. മത്സരപരീക്ഷകൾക്ക് ആവശ്യമായ ട്യൂട്ടോറിയൽ ക്ലാസുകൾ നൽകുന്ന യൂട്യൂബർ ലളിത് സർദാനയാണ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പോൺ വിഡിയോ കാണാൻ പ്രേരിപ്പിച്ചാണ് ഹിന്ദുക്കളുടെ ലൈംഗികതൃഷ്ണ കുറയ്ക്കാൻ പുതിയ ജിഹാദ് നടക്കുന്നതെന്ന് യൂട്യൂബ് ചാനലിൽ സർദാന ആരോപിക്കുന്നു.
'സർദാന ട്യൂട്ടോറിയൽസ്' എന്ന പേരിൽ ലളിത് സർദാനയും ഭാര്യ ഡോ. ശ്വേത സർദാനയും ചേർന്ന് നടത്തുന്ന യൂട്യൂബ് ചാനലിലാണ് മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങൾ അടങ്ങിയ വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഐ.ഐ.ടി-ജെ.ഇ.ഇ, നീറ്റ്, സി.ഇ.ടി, ബാങ്കിങ്, റെയിൽവേ തുടങ്ങിയ മത്സരപരീക്ഷകൾക്കു തയാറാകാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ട്യൂട്ടോറിയലുകളാണ് യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യാറുള്ളത്. ഒരു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള ചാനലിൽ അപ്ലോഡ് ചെയ്യുന്ന വിഡിയോകൾക്ക് ലക്ഷക്കണക്കിനു കാഴ്ചക്കാരുമുണ്ട്. യു.പി.എസ്.സി, ഐ.ഐ.ടി-ജെ.ഇ.ഇ, നീറ്റ്, ക്ലാറ്റ് പരീക്ഷകൾക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായുള്ള ഫിസിക്‌സ് ട്യൂട്ടോറിയലിൽ 'കണ്ണാടിയുടെ ഉപയോഗം' വിശദീകരിക്കുന്ന വിഡിയോയിലാണ് വിവാദ പരാമർശങ്ങളുള്ളത്.
കണ്ണാടിയുടെ ശാസ്ത്രീയ വശങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ലളിത് സർദാന ലൗ ജിഹാദിനെ പരാമർശിച്ചുകൊണ്ടാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്. ഹിന്ദു യുവതികളുടെ ജീവിതം നശിപ്പിക്കുന്നതിനൊപ്പം ഹിന്ദു പുരുഷന്മാരെ നശിപ്പിക്കാനും വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സർദാന ആരോപിക്കുന്നു. ഹിന്ദു യുവാക്കളെ പോൺ വിഡിയോ കാണിച്ചാണ് മുസ്‌ലിം യുവാക്കൾ പുതിയ വലയിൽ വീഴ്ത്തുന്നതെന്നാണ് ആരോപണം. വിഡിയോയിലെ വിവാദ പരാമർശങ്ങൾ ഇങ്ങനെ തുടരുന്നു:
''അശ്ലീല വിഡിയോകൾ കണ്ടാൽ എന്തു സംഭവിക്കും? സ്വാഭാവികമായും ലൈംഗിക ഉത്തേജനമുണ്ടാകുകയും പങ്കാളികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യും. പെട്ടെന്ന് പ്രാപിക്കാവുന്ന സ്വന്തം പങ്കാളിയുണ്ടെങ്കിൽ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ ആ സമയത്ത് പരിസരത്ത് ആരുമില്ലെങ്കിൽ എന്തുചെയ്യും? സ്വയംഭോഗം ചെയ്യാൻ തുടങ്ങും. ഇത് ജിഹാദാണ്. എന്തു പേരിട്ടും ഇതിനെ വിളിക്കാം. അടുത്ത അഞ്ചു പത്തു വർഷം കൊണ്ട് ഹിന്ദു പുരുഷന്മാരുടെ ലൈംഗികശക്തി കുറയുന്നത് നമ്മൾക്ക് കാണാം.
ഇത്തരത്തിൽ നിരവധി വെബ്‌സീരീസുകളും പുറത്തിറങ്ങുന്നുണ്ട്. അവയുടെ സംവിധായകരും അഭിനേതാക്കളുമെല്ലാം മുസ്‌ലിംകളാണ്. എന്നാൽ, പ്രേക്ഷകർ ഹിന്ദു സമുദായക്കാരും. നിരവധി നിയന്ത്രണങ്ങളും വിലക്കുകളും ഉള്ളതിനാൽ മുസ്‌ലിംകൾ പോൺ കാണില്ല. പകരം ഹിന്ദുസ്ത്രീകളാണ് ഇതെല്ലാം കാണുന്നത്.''-വിവാദ വിഡിയോയിൽ ലളിത് സർദാന ആരോപിക്കുന്നു.
വിവാദ പരാമർശങ്ങൾ അടങ്ങിയ രണ്ടു മിനിറ്റ് 20 സെക്കൻഡ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്‌കൂൾ പാഠങ്ങൾ പഠിപ്പിക്കുന്ന ട്യൂട്ടോറിയലുകൾ വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കുന്നതിൽ വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്. 'സ്റ്റഡി അഡ്ഡ' എന്ന പേരിൽ വിപുലമായ വിദ്യാഭ്യാസ നെറ്റ്‌വർക്കും വെബ്‌പോർട്ടലും ലളിത് സർദാന നടത്തുന്നുണ്ട്. കേന്ദ്ര മത്സരപരീക്ഷകൾക്കു പുറമെ യു.പി, മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത്, ജമ്മു കശ്മീർ, ഡൽഹി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങൾ നടത്തുന്ന മത്സരപരീക്ഷകൾക്കുള്ള ട്യൂട്ടോറിയലുകളും പരീക്ഷാസഹായികളും ഇതിന്റെ ഭാഗമായി നൽകുന്നുണ്ട്. വിദ്യാഭ്യാസരംഗത്ത് ആധികാരിക സ്ഥാപനമായാണ് ഇവർ പ്രവർത്തിക്കുന്നത്.
Summary: 'Jihad is there on to reduce the sexual power of Hindu youth'; Famous tutorial YouTuber Lalit Sardana alleges in his YouTube channel, Sardana Tutorials