യു.പിയിൽ ഉവൈസിയുടെ പ്രതീക്ഷകളിൽ വില്ലനായി ഉരുളക്കിഴങ്ങ്
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതനിടെ ഉത്തർപ്രദേശിൽ നിന്നുള്ള ഉരുളക്കിഴങ്ങ് ഇറക്കുമതി തെലുങ്കാന നിരോധിച്ചതാണ് ഉവൈസിക്ക് തിരിച്ചടിയായത്.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അങ്കത്തിനൊരുങ്ങുന്ന എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ പ്രതീക്ഷകളിൽ വില്ലനായി ഉരുളക്കിഴങ്ങ് ഇറക്കുമതി നിരോധനം. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതനിടെ ഉത്തർപ്രദേശിൽ നിന്നുള്ള ഉരുളക്കിഴങ്ങ് ഇറക്കുമതി തെലങ്കാന നിരോധിച്ചതാണ് ഉവൈസിക്ക് തിരിച്ചടിയായത്. യു.പിയിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തെ പിന്തുണക്കുന്ന ഉവൈസിക്ക് ഇവിടെ വോട്ട് ചോദിക്കാൻ എന്ത് അവകാശമാണുള്ളതെന്ന് കർഷകർ ചോദിക്കുന്നു.
''തെലങ്കാന സർക്കാർ ഉത്തർപ്രദേശിൽ നിന്നുള്ള ഉരുളക്കിഴങ്ങ് നിരോധിച്ച സാഹചര്യത്തിൽ ഉവൈസി എന്ത് അടിസ്ഥാനത്തിലാണ് ഇവിടെ പ്രചാരണം നടത്തുക''-ആഗ്രയിലെ ഉരുളക്കിഴങ്ങ് കർഷകനായ മുഹമ്മദ് ആലംഗീർ ചോദിക്കുന്നു. ഉരുളക്കിഴങ്ങ് കർഷകരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി കൂടിയാണ് ആലംഗീർ. 50 കിലോഗ്രാം വീതമുള്ള 500 ചാക്ക് ഉരുളക്കിഴങ്ങുകളുമായി 100 ട്രക്കുകളാണ് ഓരോ ദിവസവും തെലുങ്കാന അതിർത്തി കടക്കാറുള്ളത്. ആഗ്രയിൽ നിന്നു മാത്രം 50-60 ട്രക്കുകൾ പോവാറുണ്ട്. നിരോധനത്തോടെ ഇതെല്ലാം നിന്നുപോയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പഴയ സ്റ്റോക്കാണ് ഇപ്പോൾ യു.പിയിൽ നിന്ന് വരുന്നതെന്നും അതുകൊണ്ടാണ് ഇറക്കുമതി നിർത്തിയതെന്നും തെലുങ്കാന കൃഷിമന്ത്രി എസ്. നിരഞ്ജൻ റെഡ്ഢി പറഞ്ഞു. ''കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ച ഉരുളക്കിഴങ്ങാണ് ഇപ്പോൾ യു.പിയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഈ വർഷം വിളവെടുത്ത പുതിയ ഉരുളക്കിഴങ്ങ് തെലങ്കാനയിൽ തന്നെ കിട്ടുമ്പോൾ പിന്നെ ഞങ്ങളെന്തിനാണ് അവിടെ നിന്ന് പഴയ സ്റ്റോക്ക് ഇറക്കുമതി ചെയ്യുന്നത്?''-അദ്ദേഹം ചോദിച്ചു.
2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഉവൈസി യു.പിയിൽ പോരാട്ടത്തിനിറങ്ങുന്നത്. അതിനിടയിലാണ് അപ്രതീക്ഷിതമായി വന്നുവീണ ഉരുളക്കിഴങ്ങ് ഇറക്കുമതി നിരോധനം അദ്ദേഹത്തിനെതിരെ ജനവികാരമുണ്ടാക്കിയിരിക്കുന്നത്. ഇതിനെ മറികടക്കാൻ ഉവൈസി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.