'ശിവശക്തി-ഭീംശക്തി' ഭായ് ഭായ്; മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയനീക്കം; ഉദ്ദവും പ്രകാശ് അംബേദ്കറും കൈക്കോർക്കുന്നു

ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും ബി.ആർ അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ബഹുജൻ അഘാഡിയും തമ്മിൽ സഖ്യചർച്ചകൾ പുരോഗമിക്കുകയാണ്

Update: 2022-11-30 14:26 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രയിൽ അപൂർവ രാഷ്ട്രീയസഖ്യത്തിന് വഴിയൊരുങ്ങുന്നു. ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും അംബേദ്കറേറ്റുകളായ വഞ്ചിത് ബഹുജൻ അഘാഡി(വി.ബി.എ)യുമാണ് കൈകോർക്കുന്നത്. സഖ്യനീക്കത്തിന്റെ ഭാഗമായി ബി.ആർ അംബേദ്കറുടെ കൊച്ചുമകനും വി.ബി.എ നേതാവുമായ പ്രകാശ് അംബേദ്കർ ഉദ്ദവ് താക്കറുമായി പലതവണ ചർച്ച നടത്തിയതായി 'ദ ഇന്ത്യന്‍ എക്‍സ്‍പ്രസ്' റിപ്പോര്‍ട്ട് ചെയ്തു.

ഏതാനും ദിവസങ്ങൾക്കുമുൻപാണ് സഖ്യചർച്ചകളുമായി ഉദ്ദവ് താക്കറെ ബന്ധപ്പെടുന്നതെന്ന് പ്രകാശ് അംബേദ്കർ വെളിപ്പെടുത്തി. പാർട്ടിക്കകത്ത് നടത്തിയ സൂക്ഷ്മമായ ചർച്ചകൾക്കൊടുവിലാണ് സേനയുമായി സഖ്യം ചേരാൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. സഖ്യത്തിന്റെ വിശദാംശങ്ങൾ ഉദ്ദവാകും പരസ്യമാക്കുകയെന്നും പ്രകാശ് പറഞ്ഞു.

അതേസമയം, സഖ്യത്തിൽ കോൺഗ്രസിനെയും എൻ.സി.പിയെയും കൂട്ടുന്ന കാര്യത്തിൽ തീരുമാനം ഉദ്ദവിന്റേതായിരിക്കുമെന്ന് പ്രകാശ് സൂചിപ്പിച്ചു. കോൺഗ്രസിനും എൻ.സി.പിക്കുമൊപ്പം വി.ബി.എയെ നാലാം കക്ഷിയായും, സേനയും വി.ബി.എയും ഒറ്റയ്ക്കുമുള്ള സഖ്യരൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരികയെന്നും പ്രകാശ് അംബേദ്കർ കൂട്ടിച്ചേർത്തു. മഹാവികാസ് അഘാഡി(എം.വി.എ)യെ ബാധിക്കാത്ത തരത്തിലുള്ള സഖ്യചർച്ചകൾ ഉദ്ദവ് നടത്തുന്നുണ്ടെന്ന് സേനാ വൃത്തങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

എൻ.ഡി.എ സഖ്യത്തിന് തിരിച്ചടിയാകുമോ?

മഹാരാഷ്ട്രയിൽ അടുത്ത വർഷങ്ങളിലായി വരാനിരിക്കുന്ന വിവിധ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് സഖ്യനീക്കം. 'ശിവശക്തി-ഭീംശക്തി സഖ്യം' എന്നു വിളിക്കപ്പെട്ട സഖ്യം യാഥാർത്ഥ്യമായാൽ വരുംനാളുകളിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങൾക്ക് അതു വഴിതെളിയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പാണ് ആദ്യം വരാനിരിക്കുന്നത്. 2023ൽ നടക്കുന്ന തെരഞ്ഞെടുപ്പിനുമുൻപ് സഖ്യരൂപീകരണത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. ഇതിനുശേഷം 2024ൽ ലോക്‌സഭാ തെരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പും വരുന്നുണ്ട്.

വി.ബി.എ ഉദ്ദവിനൊപ്പം ചേർന്നാൽ മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് കൂടുതൽ ആഘാതമാകുമെന്നുറപ്പാണ്. ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗവും കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെയുടെ റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(എ)യുമാണ് നിലവിൽ ബി.ജെ.പിക്കൊപ്പം എൻ.ഡി.എ സഖ്യത്തിലുള്ളത്.

വി.ബി.എ കൂടി ചേർന്നാൽ ഒ.ബി.സി, മറാത്ത, ദലിത് വിഭാഗങ്ങളിൽനിന്നുള്ള മതേതര വോട്ടുകൾ എം.വി.എയ്ക്ക് അനുകൂലമായി ഏകീകരിക്കാനിടയുണ്ട്. മുൻപ് മറാത്താ, ഒ.ബി.സി വോട്ടുകൾ ഭിന്നിപ്പിച്ചായിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പുകൾ നേരിട്ടിരുന്നത്.

Summary: The Shiv Sena Uddhav Balasaheb Thackeray and Prakash Ambedkar-led Vanchit Bahujan Aghadi to form pre-poll alliance in in Maharashtra

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News