'രണ്ടു തോണിയിൽ കാലിടരുത്'; നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോർ

ജെഡിയുവിന് ബിജെപിയുമായി ഇപ്പോഴും ബന്ധമുണ്ടെന്ന പ്രശാന്ത് കിഷോറിന്റെ ആരോപണം നിതീഷ് കുമാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്ത് പുതിയ വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്.

Update: 2022-10-22 15:44 GMT
Advertising

പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ. നിതീഷ് കുമാറിന് ഇപ്പോഴും ബിജെപിയുമായി ബന്ധമുണ്ടെന്നും അല്ലെങ്കിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തുനിന്ന് ജെഡിയു എം.പി ഹരിവംശ് നാരായൺ സിങ്ങിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. എല്ലായ്‌പ്പോഴും രണ്ടു തോണിയിൽ കാലിട്ടു നിൽക്കാനാവില്ലെന്നും പ്രശാന്ത് പറഞ്ഞു.

ജെഡിയുവിന് ബിജെപിയുമായി ഇപ്പോഴും ബന്ധമുണ്ടെന്ന പ്രശാന്ത് കിഷോറിന്റെ ആരോപണം നിതീഷ് കുമാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്ത് പുതിയ വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്. ''ബിജെപിയുമായോ എൻഡിഎയുമായോ ഒരു ബന്ധവുമില്ലെങ്കിൽ നിങ്ങളുടെ എം.പിയോട് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ഉപേക്ഷിക്കാൻ പറയുക. എല്ലായ്‌പ്പോഴും രണ്ടു തോണിയിൽ കാലിട്ട് നിൽക്കാനാവില്ല''-പ്രശാന്ത് ട്വീറ്റ് ചെയ്തു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിജെപിക്കെതിരെ ദേശീയ സഖ്യം വരുമെന്നാണ് കുറെ ആളുകൾ വിശ്വസിക്കുന്നത്. എന്നാൽ ഇത് സംഭവിക്കാനുള്ള സാധ്യതയില്ലെന്ന് പ്രശാന്ത് നേരത്തേ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. മഹാസഖ്യത്തിനൊപ്പം നിൽക്കുമ്പോൾ തന്നെ നിതീഷ് ബിജെപിയുമായി ബന്ധം തുടരുന്നുണ്ടെന്നും ജെഡിയു എം.പിയായ ഹരിവംശ് നാരായൺ സിങ്ങിന്റെ ഡെപ്യൂട്ടി ചെയർമാൻ പദവി അതിന്റെ തെളിവാണെന്നുമാണ് പ്രശാന്ത് കിഷോർ പറയുന്നത്.

കഴിഞ്ഞ ആഗസ്റ്റിലാണ് നിതീഷ് കുമാർ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ആർജെഡി, കോൺഗ്രസ് മഹാസഖ്യത്തിനൊപ്പം ചേർന്ന് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ നിതീഷ് പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി വരുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം പ്രശാന്ത് കിഷോറിനാണ് ബിജെപി ബന്ധമുള്ളതെന്ന് നിതീഷ് കുമാർ തിരിച്ചടിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News