ഇപ്പോള്‍ പാര്‍ട്ടിയില്ല, സദ്ഭരണത്തിനായി പദയാത്രയുമായി പ്രശാന്ത് കിഷോര്‍
തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് ജോലി ചെയ്യില്ലെന്ന് പ്രശാന്ത് കിഷോർ
പറ്റ്ന: സ്വന്തമായി പാർട്ടി പ്രഖ്യാപിക്കാതെ, സദ്ഭരണമെന്ന മുദ്രാവാക്യം ഉയർത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിഹാർ കേന്ദ്രീകരിച്ചായിരിക്കും തുടർ പ്രവർത്തനങ്ങൾ. നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ബിഹാറിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് ജോലി ചെയ്യില്ലെന്ന് പ്രശാന്ത് കിഷോർ ആവർത്തിച്ചു.
കോൺഗ്രസ് പ്രവേശനം എന്നത് അടഞ്ഞ അധ്യായമാണെന്നു വ്യക്തമാക്കിയ പ്രശാന്ത് കിഷോർ, ബിഹാറിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള പുതിയ മുന്നേറ്റത്തിന്റെ അമരക്കാരനാവുകയാണെന്ന് വ്യക്തമാക്കി. സദ് ഭരണം ഉദ്ദേശിച്ചുള്ള ജൻസുരാജ് പ്രസ്ഥാനം രാഷ്ട്രീയ പാർട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ മാറ്റത്തിനായി ജനം ആഗ്രഹിക്കുന്നു. മൂന്നു പതിറ്റാണ്ടിലെ ഭരണം ബിഹാറിന് ഒന്നും നൽകിയില്ല. മാറ്റത്തിനുള്ള ആശയങ്ങൾ ജനങ്ങളിൽ നിന്നും നേടിയെടുക്കാനുള്ള പരിശ്രമം തുടരുകയാണ്. ബിഹാറിലെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും എത്തി ജനങ്ങളോട് സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇതിനായി ഗാന്ധി ജയന്തി ദിനത്തിൽ പദയാത്ര ആരംഭിക്കും. 3000 കിലോമീറ്റർ കാൽനടയായി എത്തി നാടിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും മനസിലാക്കുമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
ഭാവിയിൽ പാർട്ടി ഉണ്ടായേക്കാമെന്ന സൂചന നൽകിയെങ്കിലും സ്വന്തം പേരിൽ പാർട്ടി ഉണ്ടാകില്ലെന്നും താനൊരിക്കലും രാഷ്ട്രീയ പാർട്ടിയുടെ മുഖമാകില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ബംഗാൾ തെരഞ്ഞെടുപ്പോടെ തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് എന്ന ജോലി ഉപേക്ഷിച്ചു. നേരത്തെ ജോലി ചെയ്തിരുന്ന ഐ പാക് കമ്പനി തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. അവരുടെ ജോലിയിൽ താൻ ഇടപെടില്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ എന്തുകൊണ്ട് ചേര്‍ന്നില്ല എന്ന ചോദ്യത്തിന് പ്രശാന്ത് കിഷോറിന്റെ മറുപടി ഇങ്ങനെയായിരുന്നു- "എനിക്ക് കോണ്‍ഗ്രസിന് ഒരു മൂല്യവും കൂട്ടിച്ചേര്‍ക്കാന്‍ ആകില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിയില്‍ ചേരാനുള്ള ക്ഷണം ഞാന്‍ നിരസിച്ചു. കോണ്‍ഗ്രസ് എന്നെ അവരുടെ എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പില്‍ അംഗമാക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല".