രാഷ്ട്രീയ പാര്‍ട്ടിയുമായി പ്രശാന്ത് കിഷോര്‍? ഇനി ജനങ്ങളിലേക്ക്, തുടക്കം ബിഹാറിൽനിന്നെന്ന് പ്രഖ്യാപനം
രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തന്നെയാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതിയെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ന്യൂഡൽഹി: കഴിഞ്ഞ വർഷം മേയ് രണ്ടിന് ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് നിലവിലെ കരിയർ വിടുകയാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചത്. രാഷ്ട്രീയരംഗത്ത് പുതിയ പരീക്ഷണങ്ങൾക്കുള്ള സൂചനയും അദ്ദേഹം നൽകി. കൃത്യം ഒരു വർഷത്തിനുശേഷം രാഷ്ട്രീയരംഗത്തെ പുതിയ ചുവടുവയ്പ്പിന്റെ കൂടുതൽ സൂചനകൾ വെളിപ്പെടുത്തിയിരിക്കുകയാണ് കിഷോർ.
പ്രശാന്ത് കിഷോർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ പുതിയ വെളിപ്പെടുത്തൽ. ഇന്ന് പ്രശാന്ത് കിഷോറിന്റെ ട്വിറ്റർ ഹാൻഡിലിൽ വന്ന ഒരു ട്വീറ്റിനെ ചുറ്റിപ്പറ്റിയാണ് പുതിയ അഭ്യൂഹങ്ങൾ സജീവമാകുന്നത്. ബിഹാറിൽനിന്ന് തുടങ്ങുന്നു എന്ന അടിക്കുറിപ്പോടെയുള്ള ട്വീറ്റ് ഇങ്ങനെയാണ്:
''ജനാധിപത്യത്തിൽ അർത്ഥവത്തായ പങ്കാളിയാകാനും അതുവഴി ജനപക്ഷ നയം രൂപപ്പെടുത്താൻ സഹായിക്കാനുമുള്ള എന്റെ അന്വേഷണം പത്തു വർഷം നീണ്ട റോളർകോസ്റ്റ് റൈഡിലേക്കാണ് നയിച്ചത്. ആ താൾ മറിക്കുമ്പോൾ യഥാർത്ഥ യജമാനന്മാരിലേക്ക്, അഥവാ ജനങ്ങളിലേക്ക്, ഇറങ്ങാനുള്ള സമയമായിരിക്കുകയാണ്. പ്രശ്‌നങ്ങൾ മനസിലാക്കാനും 'ജൻ സുരാജി'(ജനകീയ സദ്ഭരണം)ലേക്കുള്ള വഴി കണ്ടെത്താനും അത് ആവശ്യമാണ്.''
എന്താണ് 'ജൻ സുരാജ്'? ബിഹാറിൽനിന്ന് എന്തുകൊണ്ട്?
കോൺഗ്രസിൽ ചേരാനുള്ള ഓഫർ നിരസിച്ചതിനു പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പുതിയ പ്രഖ്യാപനമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. രാഷ്ട്രീയ പാർട്ടി രൂപീകരണമാണോ മറ്റെന്തെങ്കിലും കാര്യമായ നീക്കമാണോ ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ട്വീറ്റിൽ പരാമർശിച്ച 'ജൻ സുരാജ്' രൂപീകരിക്കാൻ പോകുന്ന രാഷ്ട്രീയ പാർട്ടിയുടെ പേരാകുമെന്നാണ് ഒരു വിലയിരുത്തൽ. അതല്ല, സദ്ഭരണം എന്ന പ്രമേയത്തിൽ പുതിയൊരു നീക്കത്തിനുള്ള ഒരുക്കത്തിലാണെന്നും വിലയിരുത്തപ്പെടുന്നു.
എന്തായാലും വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി പൊളിറ്റിക്കൽ സ്ട്രാറ്റജികൾ തയാറാക്കിയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കിയുമുള്ള കഴിഞ്ഞ 10 വർഷത്തെ കരിയർ അവസാനിപ്പിക്കുകയാണെന്ന വ്യക്തമായ സൂചന ട്വീറ്റിലുണ്ട്. പുതിയ അധ്യായത്തിനു തുടക്കമിടുകയാണെന്നും നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. സ്വന്തം സംസ്ഥാനമായ ബിഹാറിൽനിന്ന് പുതിയ ദൗത്യത്തിന് ആരംഭം കുറിക്കുമെന്നാണ് കിഷോർ അറിയിച്ചിട്ടുള്ളത്.
വ്യാഴാഴ്ച ബിഹാർ തലസ്ഥാനമായ പാട്‌നയിൽ അദ്ദേഹം വാർത്താസമ്മേളനം നടത്തുന്നുണ്ട്. ഇതിൽ പുതിയ പദ്ധതികളെക്കുറിച്ചും ട്വീറ്റിലെ പ്രഖ്യാപനങ്ങളെക്കുറിച്ചുമുള്ള വിശദീകരണമുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
രാഷ്ട്രീയ പാർട്ടി തന്നെ?
രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തന്നെയാണ് പദ്ധതിയിടുന്നതെന്ന് പ്രശാന്ത് കിഷോറുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു. പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിഷയങ്ങളുമെല്ലാം ആലോചിച്ചുവരികയാണ്.
''തന്റെ രാഷ്ട്രീയ, സാമൂഹിക ആശയങ്ങൾ ഒറ്റയടിക്ക് അവതരിപ്പിക്കാതെ, ജനങ്ങൾക്കിടയിലേക്ക് യാത്ര ചെയ്യുകയാണ് ഗാന്ധിജി ചെയ്തത്. ആശയങ്ങൾക്ക് രൂപംനൽകുന്നതിനു മുന്നോടിയായി എന്താണ് യഥാർത്ഥ പ്രശ്നങ്ങളെന്ന് മനസിലാക്കാനായിരുന്നു അത്. അതുതന്നെയാകും പ്രശാന്ത് കിഷോർ ചെയ്യുക.''- അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയം തന്നെയാണ് മുന്നിലുള്ള ആശയമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഗുജറാത്ത് മോഡലോ കെജ്രിവാൾ മോഡലോ ഒക്കെ പോലുള്ള ഏതെങ്കിലും മാതൃകയുടെ അടിസ്ഥാനത്തിലായിരിക്കില്ല അത്. പകരം സദ്ഭരണമായിരിക്കും അതിന്റെ അടിസ്ഥാനം. തുടക്കം ബിഹാറിൽനിന്നായിരിക്കും തുടക്കമെന്നാണ് ട്വീറ്റിൽ പറഞ്ഞിട്ടുള്ളത്. അതിനാൽ ഇത് ബിഹാറിൽ മാത്രം ഒതുങ്ങില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം ദ ഹിന്ദുവിനോട് പറഞ്ഞു.
Summary: Prashant Kishor announces plans for political outfit, names 'Jan Suraaj' and says 'beginning from Bihar'