പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്; ജന്‍ സുരാജ് പാര്‍ട്ടി പ്രഖ്യാപനം ഒക്ടോബര്‍ രണ്ടിന്

മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പൂരി താക്കൂറിന്റെ കൊച്ചുമകളും കേന്ദ്രമന്ത്രി രാംനാഥ് താക്കൂറിന്റെ മകളുമായ ജാഗൃതി താക്കൂര്‍, മുന്‍ ഐ.പി.എസ് ഓഫിസര്‍ ആനന്ദ് മിശ്ര തുടങ്ങിയവര്‍ ജന്‍ സുരാജില്‍ ചേര്‍ന്നിട്ടുണ്ട്

Update: 2024-07-28 16:41 GMT
Editor : Shaheer | By : Web Desk
Advertising

പാട്‌ന: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്. അദ്ദേഹത്തിന്‍റെ ജന്‍ സുരാജ് ഉടന്‍ രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാകും പ്രഖ്യാപനം. അടുത്ത വര്‍ഷം നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രശാന്ത് അറിയിച്ചു.

ജന്‍ സുരാജ് പ്രവര്‍ത്തകരുടെ സംസ്ഥാനതല യോഗത്തില്‍ സംസാരിക്കവെയാണ് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രശാന്ത് വെളിപ്പെടുത്തിയത്. പാര്‍ട്ടി നേതൃത്വം, ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികം വൈകാതെ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പൂരി താക്കൂറിന്റെ കൊച്ചുമകളും ജെ.ഡി.യു എം.പിയും കേന്ദ്രമന്ത്രിയുമായ രാംനാഥ് താക്കൂറിന്റെ മകളുമായ ജാഗൃതി താക്കൂര്‍ ഉള്‍പ്പെടെ പ്രമുഖര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.

മുന്‍ ആര്‍.ജെ.ഡി എം.എല്‍.സി രംബാലി സിങ് ചന്ദ്രവന്‍ഷി, മുന്‍ ഐ.പി.എസ് ഓഫിസര്‍ ആനന്ദ് മിശ്ര എന്നിവരും ജന്‍ സുരാജില്‍ ചേര്‍ന്നിട്ടുണ്ട്. റിട്ട. ഐ.എ.എസ് ഓഫിസര്‍മാരായ അരവിന്ദ് സിങ്, സുരേഷ് ശര്‍മ എന്നിവരും പ്രശാന്ത് കിഷോറിനു പിന്തുണ അറിയിച്ചു യോഗത്തില്‍ സംബന്ധിച്ചിരുന്നു.

അടുത്തിടെ അച്ചടക്ക നടപടിയുടെ ഭാഗമായി രംബാലിയെ ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍നിന്ന് അയോഗ്യനാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് പ്രതീക്ഷിച്ച് സര്‍വീസില്‍നിന്നു രാജിവച്ചയാളാണ് ആനന്ദ് മിശ്ര. എന്നാല്‍, സീറ്റ് നിഷേധിച്ചതോടെ ബക്‌സറില്‍ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.

Summary: Poll strategist Prashant Kishor to launch political party, Jan Suraaj, in Bihar on October 2

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News