പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനത്തു നിന്നും പ്രശാന്ത് കിഷോര്‍ രാജിവച്ചു
പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്‍റെ ഉപദേശക സ്ഥാനത്തു നിന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാജിവച്ചു. പൊതുജീവിതത്തില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുക്കുകയാണെന്ന് പ്രശാന്ത് മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നു. ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
''നിങ്ങൾക്കറിയാവുന്നതുപോലെ, പൊതുജീവിതത്തിലെ സജീവമായ റോളിൽ നിന്ന് ഒരു താൽക്കാലിക ഇടവേള എടുക്കുകയാണ്. പ്രധാന ഉപദേഷ്ടാവെന്ന നിലയിൽ എനിക്ക് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കഴിയില്ല. ഭാവി പ്രവർത്തനത്തെക്കുറിച്ച് ഞാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഉത്തരവാദിത്തങ്ങളില്‍ നിന്നും എനിക്ക് വിടുതല്‍ തരണമെന്ന് അപേക്ഷിക്കുന്നു'' പ്രശാന്ത് കിഷോറിന്‍റെ കത്തില്‍ പറയുന്നു.
ഇതിനിടെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ മാസം കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും പ്രശാന്ത് കിഷോർ നടത്തിയ കൂടിക്കാഴ്ച ഉഹോപാഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ പാർട്ടിയിൽ ചേരുന്നതിന്‍റെ ഗുണദോഷങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയതായി വൃത്തങ്ങൾ പറയുന്നു. അതേസമയം എന്‍.സി.പി നേതാവ് ശരത് കുമാറുമായും പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നോ കിഷോറില്‍ നിന്നോ ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന പദവിയില്‍ നിന്നും വിരമിക്കുമെന്ന് പ്രശാന്ത് കിഷോര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെ.ഡി.യുവില്‍ ചേര്‍ന്നെങ്കിലും നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.