''രാഹുൽ ഗാന്ധിയുമായി പ്രശ്‌നങ്ങളില്ല, ഞാൻ ഒരിക്കലും അദ്ദേഹത്തിന് തുല്ല്യനല്ല''-പ്രശാന്ത് കിഷോർ

''രാഹുൽ ഗാന്ധിയുമായി യാതൊരു പ്രശ്‌നവുമില്ല. രാഹുൽ ഗാന്ധി എത്രയോ വലിയ മനുഷ്യനാണ്. ഞാൻ സാധാരണ കുടുംബത്തിൽനിന്ന് വന്നയാളാണ്. രാഹുൽ ഗാന്ധിയെപ്പോലുള്ള ഒരാളുമായി എനിക്ക് എന്ത് പ്രശ്‌നമുണ്ടാകാനാണ്? എനിക്ക് അദ്ദേഹവുമായി യാതൊരു പ്രശ്‌നവുമില്ല''

Update: 2022-05-05 15:41 GMT
Advertising

ന്യൂഡൽഹി: ബിഹാറിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസുമായുള്ള ബന്ധത്തിൽ നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ. കോൺഗ്രസുമായുള്ള ചർച്ചകൾ നിർത്തിവെച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. രാഹുൽ ഗാന്ധിയോടെ തന്നെ താരതമ്യപ്പെടുത്തരുതെന്നും രാഹുലിനെ അപേക്ഷിച്ച് താൻ എത്രയോ ചെറിയ ആളാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

''രാഹുൽ ഗാന്ധിയുമായി യാതൊരു പ്രശ്‌നവുമില്ല. രാഹുൽ ഗാന്ധി എത്രയോ വലിയ മനുഷ്യനാണ്. ഞാൻ സാധാരണ കുടുംബത്തിൽനിന്ന് വന്നയാളാണ്. രാഹുൽ ഗാന്ധിയെപ്പോലുള്ള ഒരാളുമായി എനിക്ക് എന്ത് പ്രശ്‌നമുണ്ടാകാനാണ്? എനിക്ക് അദ്ദേഹവുമായി യാതൊരു പ്രശ്‌നവുമില്ല''-എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ പറഞ്ഞു.

''അദ്ദേഹം എന്നെ വിളിച്ചു സംസാരിച്ചു. അദ്ദേഹം എന്നെ വിളിച്ചില്ലായിരുന്നെങ്കിൽ എനിക്ക് അദ്ദേഹവുമായി സംസാരിക്കാൻ കഴിയുമായിരുന്നില്ല. വിശ്വാസ്യതക്കുറവുണ്ടാവുക തുല്യർക്കിടയിലാണ്. ഞാൻ ഒരിക്കലും രാഹുൽ ഗാന്ധിക്ക് തുല്യനല്ല''-പ്രശാന്ത് കിഷോർ വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടത്തിയ പ്രശാന്ത് കിഷോർ പാർട്ടിയുടെ തിരിച്ചുവരവിന് ചില നിർദേശങ്ങൾ നൽകിയിരുന്നു. പിന്നീട് തെലുങ്കാനയിലും ബിഹാറിലും പ്രശാന്ത് കിഷോർ മറ്റു പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന ആരോപണം ഉയർന്നതോടെ കോൺഗ്രസ് നേതൃത്വം അദ്ദേഹവുമായുള്ള ചർച്ചകൾ നിർത്തിവെച്ചിരുന്നു.

ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പ്രശാന്ത് കിഷോർ ബിഹാറിൽ പുതിയ രാഷ്ട്രീയ നീക്കം പ്രഖ്യാപിച്ചത്. ബിഹാറിൽ 3000 കിലോമീറ്റർ പദയാത്ര നടത്തുമെന്ന് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിരുന്നു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് പശ്ചിമ ചമ്പാരനിലെ ഗാന്ധി ആശ്രമത്തിൽനിന്നാണ് പദയാത്ര ആരംഭിക്കുക. പ്രശാന്ത് കിഷോർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. പാർട്ടി രൂപീകരണത്തിന് മുന്നോടിയായി ജനപിന്തുണ ഉറപ്പാക്കുകയാണ് പ്രശാന്ത് കിഷോർ പദയാത്രയിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം ഇപ്പോൾ പാർട്ടി രൂപീകരിക്കുന്നില്ലെങ്കിലും ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ഒരു പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് പ്രശാന്ത് കിഷോറിന്റെ പാർട്ടി ആയിരിക്കണമെന്നില്ല. എല്ലാവരുടെയും പാർട്ടിയായിരിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News