മതം മാറ്റിയെന്ന് പരാതി; യു.പിയിൽ യൂണിവേഴ്സിറ്റി വി.സിയുൾപ്പെടെ 60 പേർക്കെതിരെ കേസ്
ജോലിക്കായാണ് 2021 ജനുവരി 25ന് പരാതിക്കാരൻ ഫത്തേപൂരിലെത്തിയത്.
ഫത്തേപൂർ: നിയമവിരുദ്ധമായി മതം മാറ്റിയെന്ന പരാതിയിൽ ഉത്തർപ്രദേശിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഉൾപ്പെടെ 60 പേർക്കെതിരെ കേസ്. പ്രയാഗ്‌രാജിലെ സാം ഹിഗ്ഗിൻബോട്ടം യൂണിവേഴ്സിറ്റി വി.സി ആർ.ബി ലാൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.
വി.സി ഉൾപ്പെടെ 10 പേർക്കും തിരിച്ചറിയാത്ത 50 പേർക്കുമെതിരെയാണ് കേസ്. ക്രിസ്തുമതത്തിലേക്ക് മതം മാറ്റിയെന്ന സുൽത്താൻപൂർ സ്വദേശിയായ സർവേന്ദ്ര വിക്രം സിങ്ങിന്റെ പരാതിയിലാണ് നടപടി. ജോലിക്കായാണ് 2021 ജനുവരി 25ന് പരാതിക്കാരൻ ഫത്തേപൂരിലെത്തിയത്.
"പിന്നീട് അദ്ദേഹം സുജ്രാഹി ഗ്രാമത്തിൽ വച്ച് രാംചന്ദ്ര എന്ന വ്യക്തിയെ കണ്ടുമുട്ടി. സാം ഹിഗ്ഗിൻബോട്ടം യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ, ടെക്നോളജി ആൻഡ് സയൻസസ് (എസ്.എച്ച്.യു.എച്ച്.ടി.എസ്) ക്രിസ്തുമതം സ്വീകരിക്കുന്നതിന് പണം നൽകുന്നുണ്ടെന്നും അവർ താങ്കളുടെ കുടുംബത്തിന്റെ ചെലവ് വഹിക്കുമെന്നും രാംചന്ദ്ര പറഞ്ഞു"- സിറ്റി സർക്കിൾ ഓഫീസർ വീർ സിങ് പറഞ്ഞു.
"തുടർന്ന് രാംചന്ദ്ര സർവേന്ദ്രയെ ദേവിഗഞ്ചിലുള്ള ഇന്ത്യൻ പ്രസ് ചർച്ചിലേക്ക് കൊണ്ടുപോവുകയും ഒരു വൈദികനെ പരിചയപ്പെടുത്തുകയും ചെയ്തു. ക്രിസ്തുമതം സ്വീകരിച്ചാൽ പണം നൽകാമെന്നും ജോലി നൽകാമെന്നും വൈദികൻ വാഗ്ദാനം ചെയ്തു".
"ഇതിനുശേഷം, സർവേന്ദ്ര പ്രയാഗ്‌രാജിലെ നൈനിയിലേക്ക് പുരോഹിതനോടൊപ്പം പോവുകയും മതപരിവർത്തനത്തിന് വിധേയനാവുകയും ചെയ്തു"- വീർ സിങ് പറഞ്ഞു.
"സർവേന്ദ്ര ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ചു. എന്നാൽ പിന്നീട് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു"- സർക്കിൾ ഓഫീസർ കൂട്ടിച്ചേർത്തു.