'പ്രീ വെഡ്ഡിംഗ് ഷൂട്ടുകൾ നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല'; ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ
' ഇത്തരം പ്രവണതകള്‍ പെൺകുട്ടികളുടെ ഭാവിക്ക് അപകടകരമാണ്'
റായ്പൂർ: വിവാഹത്തിന് മുമ്പ് പ്രീവെഡിങ് ഫോട്ടോഷൂട്ട് നടത്തുന്നത് പെൺകുട്ടികളുടെ ഭാവിക്ക് അപകടകരമാണെന്ന് ഛത്തീസ്ഗഡ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ഡോ. കിരൺമയി നായക്. 'പ്രീ വെഡ്ഡിംഗ് ഷൂട്ടുകൾ പെൺകുട്ടികളുടെ ഭാവിക്ക് അപകടകരമാണ്.ഇതിന് പുറമെ ഇത്തരം സമ്പ്രദായങ്ങൾ ഇത് നമ്മുടെ സംസ്‌കാരമല്ല.' കിരൺമയി പറഞ്ഞു.
കമ്മീഷനിൽ എത്തിയ ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വനിതാ കമ്മീഷൻ ചെയർപേഴ്‌സൺറെ പരാമർശം. വിവാഹത്തിന് മുമ്പ് പ്രീ വെഡിങ് ഫോട്ടോഷൂട്ടും,വീഡിയോ ഷൂട്ടുമെല്ലാം കഴിഞ്ഞതിന് ശേഷം വരന്റെ വീട്ടുകാർ കല്യാണത്തിൽ നിന്ന് പിന്മാറിയെന്നാണ് കേസ്.
'വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹ ഒരുക്കങ്ങൾക്കായി ചെലവഴിച്ച പണം തിരികെ നൽകാൻ വരന്റെ വീട്ടുകാർ വിസമ്മതിച്ചു. ഇതിന് പുറമെ വരന്റെ കൂടെയെടുത്ത ഫോട്ടോഗ്രാഫുകളിൽ പെൺകുട്ടിക്ക് ആശങ്കയുണ്ടായിരുന്നു. കമ്മീഷൻ ഇടപെട്ട് പണം തിരികെ വാങ്ങി വധുവിന്റെ വീിട്ടുകാർക്ക് നൽകി. പ്രീവെഡിങ് ഷൂട്ടിനായി എടുത്ത എല്ലാ ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.
'നമ്മുടെ നാട്ടിൽ ഇത്തരം സംസ്‌കാരം ഇല്ല.ഈ പുതിയ ശീലങ്ങൾ ആളുകളെ തെറ്റായ വഴിയിലേക്ക് നയിക്കും. അതിന്റെ അനന്തരഫലങ്ങൾ ഭാവിയിൽ ഉണ്ടാകും. ഇത്തരത്തിലുള്ള നിരവധി കേസുകൾ കമ്മീഷണിന് മുന്നിൽ എത്തിയിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താണ് ഞാൻ ഇക്കാര്യം പറയുന്നത്. വിവാഹത്തിന് മുമ്പുള്ള ഷൂട്ടിംഗ് പെൺകുട്ടികളുടെ ഭാവിക്ക് അപകടകരമാണ്,' മാത്രമല്ല, രക്ഷിതാക്കൾ ഇത്തരം പ്രവണത പ്രോത്സാഹിപ്പിക്കരുത്,' ചെയർപേഴ്സൺ പറഞ്ഞു. ഇത്തരത്തിലുള്ള കേസുകൾ ഉണ്ടെങ്കിൽ ഉടൻ വനിതാ കമ്മീഷനെ സമീപിക്കണമെന്നും അവർ പറഞ്ഞു.