അടിയന്തരാവസ്ഥ പരാമർശിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; പ്രതിഷേധവുമായി പ്രതിപക്ഷം
നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി
ഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.ചോദ്യപേപ്പർ ചോർച്ച തടയാൻ തന്റെ സർക്കാർ പ്രതിജ്ഞബദ്ധമെന്ന് പറഞ്ഞ രാഷ്ട്രപതി പ്രതിപക്ഷത്തെ ഉദ്ദേശിച്ച് ഒരു ഉപദേശം കൂടി നൽകി. 'പ്രശ്നം രാഷ്ട്രീയ വൽക്കരിക്കരുത്'..
അടിയന്തരാവസ്ഥയെ ഓർമിപ്പിച്ചുള്ള പ്രസംഗത്തിനെതിനെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. സ്പീക്കർ ഓം ബിർളയുടെ വിവാദ പ്രമേയത്തിന് പിന്നാലെയാണ് രാഷ്ട്രപതിയും ഇക്കാര്യം പരാമർശിച്ചത്.
സിഎഎ അനുസരിച്ചു അഭയാർഥികൾക്ക് പൗരത്വം നൽകി,ജൂലൈ ഒന്നുമുതൽ നിലവിൽ വരുന്ന ഭാരതിയ ന്യായസംഹിത നിയമ നടപടികളുടെ കാര്യക്ഷമത വർധിപ്പിക്കും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്ത് മുഴുവൻ രാജ്യവും അരാജകത്വത്തിലേക്ക് കൂപ്പുകുത്തി. ഈ കറുത്തകാലം ഭരണഘടനയ്ക്ക് നേരെയുണ്ടായ അതിക്രമം ആണെന്ന് രാഷ്ട്രപതി പറഞ്ഞതോടെ സഭ ബഹളത്തിൽ മുങ്ങി. ചെങ്കോൽ മുന്നിൽ പിടിച്ചാണ് രാഷ്ട്രപതിയെ പാർലമെന്‍റിലേക്ക് ആനയിച്ചത്.