നഷ്ടമായത് വീരപുത്രനെയെന്ന് രാഷ്ട്രപതി; സേനയെ ആധുനികവത്ക്കരിച്ചയാളെന്ന് പ്രധാനമന്ത്രി
സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്നും സേനയുടെ നഷ്ടമാണ് ഇദ്ദേഹത്തിന്റെ വിയോഗമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സേന മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് വീരപുത്രനെയെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. അദ്ദേഹത്തിന്റെ നാലു പതിറ്റാണ്ട് കാലത്തെ സേവനം അതുല്യമായിരുന്നെന്നും ആദരജ്ഞലികൾ അർപ്പിക്കുന്നുവെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിന്റെ സേനയെ ആധുനികവൽക്കരിക്കുന്നതിൽ അന്തരിച്ച ബിപിൻ റാവത്തിന്റെ പങ്ക് വിലമതിക്കാനാകാത്തതാണെന്നും മരണം വേദനയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായ ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണം അപരാമായിരുന്നുവെന്നും പ്രധാനമന്ത്രി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.
ബിപിൻ റാവത്തിന്റെ വേർപാട് തീരാ നഷ്ടമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇദ്ദേഹമടക്കം ഹെലികോപ്റ്റർ അപകടത്തിൽ പൊലിഞ്ഞവരുടെ വിയോഗത്തിൽ അനുശോചിക്കുന്നുവെന്നും മന്ത്രി കുറിച്ചു.
രാജ്യത്തിന് വലിയ നഷ്ടമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്നും സേനയുടെ നഷ്ടമാണ് ഇദ്ദേഹത്തിന്റെ വിയോഗമെന്നും അദ്ദേഹം പറഞ്ഞു. ഉത്സാഹത്തോടെയും ധൈര്യത്തോടെയും രാജ്യത്തെ സേവിച്ച മഹാനെ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നുവെന്നും പ്രതിരോധ മന്ത്രി കുറിച്ചു.
ബിപിൻ റാവത്തിന്റെയും കുടുംബത്തിന്റെ വേർപാടിൽ അനുശോചനം അറിയിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഈ ദുഃഖ സാഹചര്യത്തിൽ ഇന്ത്യ ഒന്നിച്ചു നിൽക്കണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും 11 കര - വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെ ആകെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
സംയുക്ത സൈനിക മേധാവി ജന.ബിപിൻ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും 11 കര - വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചനം രേഖപ്പെടുത്തി.