രാഷ്ട്രപതി തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണത്തിന് തുടക്കം
സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ ഭരണ-പ്രതിപക്ഷ പാർട്ടികൾ
ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പണത്തിന് തുടക്കമായി. ജൂലൈ 18 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ജൂൺ 29 വരെ പത്രിക സമർപ്പിക്കാം. അതേസമയം ഭരണ -പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചത്തോടെ ഇരു മുന്നണികൾക്കും ഇടയിൽ സ്ഥാനാർഥി ചർച്ചകളും സജീവമായിരിക്കുകയാണ്. രാഷ്ട്രപതി തെരഞ്ഞടുപ്പിൽ പൊതുസമ്മതനായ സ്ഥാനാർഥിയെ നിർത്താൻ ഇന്നലെ മമതാ ബാനർജി വിളിച്ച പ്രതിപക്ഷ സംഘടനകളുടെ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ശരത് പാവാറിനെയാണ് എല്ലാവരും സ്ഥാനാർത്ഥിയായി കണ്ടിരുന്നത്. എന്നാൽ,ആരോഗ്യ പ്രശ്‌നങ്ങളാൽ മത്സരിക്കാനില്ലെന്ന് പവാർ അറിയിച്ചു. ഇതോടെ, ഫറൂഖ് അബ്ദുള്ളയുടെയും ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് മമത ബാനർജി മുന്നോട്ടു വച്ചു. ഇരുവരെയും കേന്ദ്രീകരിച്ചാണ് ഇപ്പൊൾ പ്രതിപക്ഷത്ത് ചർച്ച.
അതേസമയം പ്രതിപക്ഷവുമായി സമവായ ശ്രമങ്ങളുമായി ബിജെപി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജ്‌നാഥ് സിങ് ചർച്ച നടത്തുന്നത്. സ്ഥനാർഥിയായി ആരുടേയും പേര് ബിജെപി ഇതുവരെ മുന്നോട്ട് വെച്ചിട്ടില്ല.പാർട്ടികളുടെ അഭിപ്രായങ്ങൾ തേടിയുള്ള പ്രാഥമിക ചർച്ചകളാണ് നടത്തുന്നതെന്നാണ് ബിജെപി വിശദീകരണം. സ്ഥാനാർഥിയെ കണ്ടെത്തുന്നതിന് എൻഡിഎ യോഗം ഉടൻ ചേർന്നേക്കും.