'ഹരജി പിൻവലിക്കാൻ സമ്മർദം'; കേന്ദ്രത്തിനെതിരെ കേരളം സുപ്രിംകോടതിയിൽ
ഹരജി പിൻവലിച്ചാൽ മാത്രമേ 13,600 കോടി രൂപയുടെ വായ്പ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാനാകൂ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്
ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിൽ കേന്ദ്രത്തിനെതിരെ കേരളം സുപ്രിംകോടതിയിൽ. കേരളം ഹരജി നൽകി എന്നതാണ് പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ഹരജി പിൻവലിപ്പിക്കാൻ കേന്ദ്രം നടത്തിയ ശ്രമവും കേരളം , സുപ്രിംകോടതിയിൽ തുറന്നുകാട്ടി .
ഹരജി പിന്‍വലിക്കാന്‍ സമവായ ചര്‍ച്ചയില്‍ കേന്ദ്രം ഉപാധിവെച്ചതായി കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഹരജി പിൻവലിച്ചാൽ മാത്രമേ 13,600 കോടി രൂപയുടെ വായ്പ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാനാകൂ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. സാമ്പത്തിക പ്രതി സന്ധി പരിഹരിക്കാനുള്ള സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം നിരസിച്ചു. നിയമപ്രകാരം ലഭ്യമാകേണ്ടതിനപ്പുറം ഒന്നും കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കുന്നില്ല. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നുമായിരുന്നു കപില്‍ സിബലിന്റെ വാദം.
കേരളം ഉന്നയിക്കുന്നത് എല്ലാം ശരിയല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. സമവായ ചര്‍ച്ചയും സുപ്രിംകോടതിയിലെ കേസും ഒരുമിച്ച് പോവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മാർഗ നിർദേശം അനുസരിച്ചാണ് കടമെടുപ്പ് പരിധിയിൽ തീരുമാനം എടുക്കേണ്ടത് . എന്നാൽ മാർഗ നിർദേശത്തെ തന്നെയാണ് കേരളം ചോദ്യം ചെയ്യുന്നത്. ചർച്ചകൾക്ക് സാധ്യത വീണ്ടും ബെഞ്ച് ആരാഞ്ഞെങ്കിലും കേരളം വഴങ്ങിയില്ല . സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച കോടതി, വിശദമായ വാദം കേള്‍ക്കാന്‍ സമ്മതിച്ചു. മാര്‍ച്ച് ആറിനും ഏഴിനും വാദം കേള്‍ക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.