സത്യപാല്‍ മാലിക്കിന്‍റെ വെളിപ്പെടുത്തലില്‍ പ്രധാന മന്ത്രി മൗനം വെടിയണം: സീതാറാം യെച്ചൂരി

പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നും സർക്കാരിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയിൽ ഭീകരക്രമണത്തെ ഉപയോഗിച്ചുവെന്നും സത്യപാൽ മാലിക് ആരോപിച്ചു

Update: 2023-04-18 10:22 GMT
Advertising

ന്യൂഡല്‍ഹി: മുന്‍ ജമ്മു കശ്മീർ ഗവർണറും മുതിർന്ന സംഘ്പരിവാർ നേതാവുമായ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായി എന്നാണ് വെളിവാക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 'വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം. ഗുരുതമായ സുരക്ഷ വീഴ്ചയാണ് ഉണ്ടായത്. സംശയങ്ങൾ മുമ്പും  ഞാൻ അടക്കം ഉന്നയിച്ചിട്ടുണ്ട്. സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ ഗൗരവകരമാണ്. വെളിപ്പെടുത്തലിൽ അന്വേഷണം വേണം. രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ചയുണ്ടായെന്ന് വ്യക്തമാണ്'. സീതാറാം യെച്ചൂരി പറഞ്ഞു.



രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച പുൽവാമ ആക്രമണ സമയത്ത് ജമ്മു കശ്മീർ ഗവർണറായിരുന്നു മുതിർന്ന സംഘ്പരിവാർ നേതാവ് കൂടിയായ സത്യപാൽ മാലിക്. പുൽവാമ ആക്രമണം, അദാനി, അംബാനി, അഴിമതി അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെയും പ്രതിരോധത്തിലാക്കി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരിലൊരാളായ കരൺ ഥാപ്പറിനുമുന്നിൽ സത്യപാൽ നടത്തിയത്

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപൊരയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ദേശീയപാത 44ൽ അവന്തിപൊരക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോ കാര്‍, സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറുകയറ്റുകയായിരുന്നു. ഉഗ്രസ്‌ഫോടനത്തിൽ ബസിലെ 49 സൈനികർക്ക് ജീവൻ നഷ്ടമായി.



എന്നാൽ സംഭവം നടന്നു നാലു വർഷങ്ങൾക്കിപ്പുറമാണ് അന്നത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ നിർണായ വെളിപ്പെടുത്തൽ ഉണ്ടായത്. പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നും സർക്കാരിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയിൽ ഭീകരക്രമണത്തെ ഉപയോഗിച്ചുവെന്നും സത്യപാൽ മാലിക് ആരോപിച്ചു. സ്വന്തം പാളയത്തിലെ ഒരു ഉന്നത നേതാവ് തന്നെ ഗുരുതരമായ ആരോപണം ഉയർത്തിയതോടെ ബി.ജെ.പി പ്രതിരോധത്തിലാണ്. പക്ഷെ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.



അതേസമയം പുൽവാമ ഭീകരാക്രമണ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. സത്യപാൽ മാലിക്കിന്റെ ആരോപണം ഗൗരവമേറിയതാണ്, പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കർണാടക തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തിൽ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തൽ പ്രതിപക്ഷ പാർട്ടികൾ പ്രചാരണ ആയുധമാക്കാനാണ് സാധ്യത.

Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News