'ന്യൂനപക്ഷങ്ങളെ ബിജെപി ഭയപ്പെടുത്തുന്നു, വീടുകൾ ബുൾഡോസർ കൊണ്ട് തകർക്കുന്നു'- രൂക്ഷവിമർശവുമായി സോണിയ

"തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് പ്രധാനമന്ത്രി വര്‍ഗീയത പ്രചരിപ്പിച്ചു"

Update: 2024-06-29 13:20 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കു നേരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി. വിരട്ടലാണ് നടക്കുന്നതെന്നും ആരോപണങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് ന്യൂനപക്ഷങ്ങളുടെ വീടുകൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നതെന്നും സോണിയ കുറ്റപ്പെടുത്തി. സമകാലിക വിഷയങ്ങളില്‍ ദ ഹിന്ദുവിൽ എഴുതിയ ലേഖനത്തിലാണ് കോൺഗ്രസ് മുന്‍ അധ്യക്ഷയുടെ പ്രതികരണം.

'ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമവും വിരട്ടലും അങ്ങേയറ്റം തീവ്രമായിരിക്കുകയാണ്. ആരോപണങ്ങൾ മാത്രം അടിസ്ഥാനമാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു. ഒരു നടപടിക്രമവും ഇക്കാര്യത്തിൽ പാലിക്കപ്പെടുന്നില്ല. കൂട്ടായ ശിക്ഷ കൊണ്ട് അവരെ പീഡിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രധാനമന്ത്രി പറഞ്ഞ നിർലജ്ജമായ കള്ളങ്ങളും സാമുദായിക നിന്ദയും പരിഗണിക്കുമ്പോൾ ഇതൊട്ടും അത്ഭുതപ്പെടുത്തുന്നതല്ല. തെരഞ്ഞെടുപ്പ് കൈയിൽ നിന്ന് വഴുതിപ്പോകുമെന്ന് ഭയന്നാണ് അദ്ദേഹം ഈ വാചാടോപം നടത്തിയത്. പ്രധാനമന്ത്രിപദത്തില്‍ ഇരിക്കുന്ന ഒരാളുടെ അന്തസ്സിന് നിരക്കുന്നതായിരുന്നില്ല അത്' - അവർ എഴുതി.

'സമവായം പ്രസംഗിക്കുന്നു, ഏറ്റുമുട്ടൽ പ്രേരിപ്പിക്കുന്നു' എന്ന തലക്കെട്ടിലാണ് സോണിയയുടെ ലേഖനം. പ്രചാരണത്തിനിടെ പ്രധാനമന്ത്രി എടുത്തണിഞ്ഞ ദൈവിക പരിവേഷത്തിനെതിരെയുള്ള ജനവിധിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേത്. വിഭജനത്തിനും വിദ്വേഷത്തിനുമെതിരെയാണ് ജനം വിധിയെഴുതിയത്. ഇങ്ങനെയൊക്കെ ആയിട്ടും ഒന്നും മാറിയിട്ടില്ലെന്ന തരത്തിലാണ് പ്രധാനമന്ത്രി പെരുമാറുന്നത്. അദ്ദേഹം സമവായം പ്രസംഗിക്കുകയും ഏറ്റുമുട്ടൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തിൽ മാറ്റം വരുമെന്ന് ആഗ്രഹിച്ചവർക്ക് നിരാശപ്പെടേണ്ട സാഹചര്യമാണുള്ളത്.- 18-ാം ലോക്‌സഭയിലെ ആദ്യദിനങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് സോണിയ എഴുതി.

പ്രതിപക്ഷ പാർട്ടികൾക്ക് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാത്തതിനെയും സഭയിൽ അടിയന്തരാവസ്ഥ പരാമർശിച്ചതിനെയും സോണിയ വിമർശിച്ചു. ഭരണഘടനയ്‌ക്കെതിരെയുള്ള അതിക്രമങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്നത്. 1977 മാർച്ചിലെ തെരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥയ്‌ക്കെതിരെ രാജ്യം വിധിയെഴുതിയിട്ടുണ്ട്. അത് അസന്നിഗ്ധമായി അംഗീകരിക്കപ്പെട്ടതാണ്. സ്പീക്കറുടെ ഭാഗത്തു നിന്നുള്ള നടപടി അനുചിതമായി. കഴിഞ്ഞ സഭയിൽ 146 അംഗങ്ങളാണ് അന്യായമായി സസ്‌പെൻഡ് ചെയ്യപ്പെട്ടത്. ഒരു ചർച്ചയുമില്ലാതെ ക്രിമിനൽ നിയമങ്ങൾ പാസാക്കപ്പെട്ടതും ഗൗരവമുള്ളതാണ്. നിയമവിദഗ്ധർ ഈ നിയമങ്ങളെ കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. പാർലമെന്ററി സമിതിയുടെ സൂക്ഷ്മപരിശോധന പുതിയ ക്രിമിനല്‍ നിയമത്തിൽ അത്യാവശ്യമാണ്- സോണിയ വ്യക്തമാക്കി.

നീറ്റ് പരിക്ഷയിലെ ക്രമക്കേടുകളെ കുറിച്ച് പ്രധാനമന്ത്രി എന്തു കൊണ്ടാണ് മൗനം പാലിക്കുന്നതെന്നും അവർ ചോദിച്ചു. 'ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതമാണ് നീറ്റ് കുംഭകോണം തകർത്തത്. സംഭവിച്ചത് നിഷേധിക്കുകയാണ് ആദ്യഘട്ടത്തൽ വിദ്യാഭ്യാസ മന്ത്രി ചെയ്തത്. വിദ്യാർത്ഥികൾക്ക് പരീക്ഷാ പേ ചർച്ച നടത്തിയ പ്രധാനമന്ത്രി നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ കുറിച്ച് മിണ്ടാതിരിക്കുന്നു. കഴിഞ്ഞ പത്തു വർഷമായി യുജിസി, സർവകലാശാലകൾ, നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആന്റ് ട്രയിനിങ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൊഫഷണലിസമാണ് ചർച്ചയാകേണ്ടത്' - അവർ കുറിച്ചു.

മണിപ്പൂർ നിന്നു കത്തിയിട്ടും പ്രധാനമന്ത്രി അവിടം സന്ദർശിച്ചില്ലെന്ന് സോണിയ കുറ്റപ്പെടുത്തി. മണിപ്പൂർ കത്താൻ അനുവദിക്കുകയായിരുന്നു ബിജെപി ഭരണകൂടം. നൂറു കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരങ്ങൾ ഭവനരഹിതരാകുകയും ചെയ്തു. സംസ്ഥാനത്തെ സാമൂഹിക ഐക്യം തകർന്നു. എന്നിട്ടും അവിടം സന്ദർശിക്കാനോ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ കാണാനോ പ്രധാനമന്ത്രി സമയം കണ്ടെത്തിയില്ല. മണിപ്പൂരിലെ ലോക്‌സഭാ സീറ്റുകളിൽ ബിജെപി തോറ്റതിൽ തെല്ലും അത്ഭുതമില്ല. - അവർ കൂട്ടിച്ചേർത്തു.  

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News