നമീബിയയിൽ നിന്നുള്ള ചീറ്റപ്പുലികളെ ദേശീയോദ്യാനത്തിൽ തുറന്നുവിട്ട് നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് ചീറ്റപ്പുലികളെ എത്തിച്ചതെന്നതും ശ്രദ്ധേയമാണ്

Update: 2022-09-17 06:42 GMT
Advertising

നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് എത്തിച്ച ചീറ്റപ്പുലികളെയാണ് തുറന്നുവിട്ടത്. ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്.

നമീബിയയിൽ നിന്ന് ചീറ്റപ്പുലികളെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഗ്വാളിയോറിൽ എത്തുകയായിരുന്നു. ഗ്വാളിയോറിൽ നിന്ന് അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും ഹെലികോപ്റ്ററിലാണ് കുനോയിൽ എത്തിച്ചത്. വന്യജീവി വിദഗ്ധരും വെറ്ററിനറി ഡോക്ടർമാരും മൂന്ന് ബയോളജിസ്റ്റുകളും മൃഗങ്ങളെ അനുഗമിച്ചിരുന്നു. 10 കമ്പാർട്ടുമെൻറുകളുള്ള വൈദ്യുതീകരിച്ച ചുറ്റുപാട,് ചീറ്റകളെ കാട്ടിലേക്ക് വിടുന്നതിന് മുമ്പ് ക്വാറൻറൈൻ ചെയ്യുന്നതിനായി നിർമിച്ചിരുന്നു. ഓരോ ചീറ്റക്കുമായി ഓരോ വോളണ്ടിയറെ നിയോഗിച്ചിരുന്നു. അവർ മൃഗങ്ങളെ നിരീക്ഷിക്കുകയായിരുന്നു. ജിയോലൊക്കേഷൻ അപ്ഡേറ്റുകൾക്കായി ഓരോ ചീറ്റയിലും സാറ്റലൈറ്റ് റേഡിയോ കോളറുകൾ സ്ഥാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് ചീറ്റപ്പുലികളെ എത്തിച്ചതെന്നതും ശ്രദ്ധേയമാണ്. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് 2009ൽ ആവിഷ്‌കരിച്ച പദ്ധതിയിലാണ് ചീറ്റകളെ വീണ്ടും എത്തിച്ചത്. കുറഞ്ഞത് 20 ചീറ്റകളെയങ്കിലും ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

1952ൽ ഏഷ്യൻ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വേട്ടയാടൽ, ആവാസവ്യവസ്ഥ നഷ്ടമാകൽ, ഭക്ഷ്യക്ഷാമം എന്നിവയാണ് ഇന്ത്യയിൽ ചീറ്റപ്പുലികളുടെ വംശനാശത്തിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ 200 ചീറ്റകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. ഗ്രാമത്തിൽ പ്രവേശിച്ച് കന്നുകാലികളെ കൊന്നുതിന്നുന്ന കാരണത്താൽ ചീറ്റുകളെ കൊന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്ത് വംശനാശം സംഭവിച്ച ഏക വലിയ സസ്തനിയാണ് ചീറ്റ.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 72ാം ജന്മദിനമായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ജന്മദിനം ബിജെപി പ്രവർത്തകർ ആഘോഷിക്കുകയാണ്. രാജ്യ വ്യാപകമായി പ്രവർത്തകർ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ അദ്ദേഹത്തിന് ജന്മദിനാശംസകളുമായി എത്തിയിട്ടുണ്ട്. ശശി തരൂർ എം.പി, ബി.എസ് യെഡ്യൂരപ്പ, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു.

Prime Minister Narendra Modi released eight cheetahs brought to India from Namibia at Kuno National Park in Madhya Pradesh.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News