''പ്രധാനമന്ത്രി രാഷ്ട്രീയത്തെ തരംതാഴ്ത്തരുത്''; അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രിയങ്ക ഗാന്ധി

ഇത്രയും ലജ്ജാകരമായ സംഭവങ്ങൾ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല; പ്രിയങ്ക ഗാന്ധി

Update: 2024-03-21 18:04 GMT
Editor : ശരത് പി | By : Web Desk
Advertising

അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ രൂക്ഷ പ്രതിഷേധവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാഷ്ട്രീയത്തെ തരംതാഴ്ത്തുകയാണ്,  കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് ഭരണഘടനാവിരുദ്ധവും തെറ്റുമാണെന്നും പ്രിയങ്ക ഗാന്ധി.

'തെരഞ്ഞെടുപ്പിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജ്‌രിവാളിന്റെ ഈ രീതിയിൽ ലക്ഷ്യമിടുന്നത് ഗുരുതരമായ തെറ്റും ഭരണഘടനാവിരുദ്ധവുമാണ്. ഈ രീതിയിൽ രാഷ്ട്രീയത്തെ തരംതാഴ്ത്തുന്നത് പ്രധാനമന്ത്രിക്കോ അദേഹത്തിന്റെ സർക്കാരിനോ ചേരുന്നതല്ല' എന്ന് പ്രിയങ്ക തന്റെ എക്‌സിൽ കുറിച്ചു.

'തെരഞ്ഞെടുപ്പിൽ പോരാടി വിമർശകരെ നേരിടുകയും അവരുടെ നയങ്ങളെയും പ്രവർത്തനശൈലിയേയും ആക്രമിക്കുന്നതാണ് ജനാധിപത്യരീതി. എന്നാൽ രാജ്യത്തെ സ്ഥാപനങ്ങളുടെ ശക്തി ഉപയോഗിച്ച് എതിരാളികളെ ദുർബലപ്പെടുത്തുന്നത് ജനാധിപത്യ തത്വങ്ങൾക്ക് എതിരാണെന്നും പ്രിയങ്ക കുറിച്ചു.

രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, എല്ലാ നേതാക്കളെയും ഇ.ഡിയുടെയും സി.ബി.ഐയുടെയും ഇൻകം ടാക്‌സിന്റെയും സമ്മർദ്ദത്തിലാക്കി. ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു, ഇത്രയും ലജ്ജാകരമായ സംഭവങ്ങൾ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

രണ്ട് മണിക്കൂർ നേരം ഇ.ഡി സംഘം അരവിന്ദ് കേജ്‌രിവാളിനെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന് കെജ്‌രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമം തുടങ്ങി. ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇതിന് ശേഷം കെജ്രിവാളിനെ ഇ.ഡി സംഘം കൊണ്ടുപോകും. അതേസമയം അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമർശിച്ച ആം ആദ്മി പാർട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News