പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം: ഇൻഡ്യാ മുന്നണി നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല
ന്യൂഡൽഹി: കനത്ത ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസിനെ മറുപടികളിൽ തളച്ചിടുകയാണ് നരേന്ദ്ര മോദി. കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് മോദി നടത്തുന്ന പ്രസ്താവനകളെ പ്രതിരോധിക്കുകയാണ് നേതാക്കളുടെ പണി. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഇൻഡ്യാ സഖ്യ നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.
തെരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിനെതിരെ നിരന്തരം ആക്രമണം നടത്തുകയാണ് നരേന്ദ്ര മോദി. അധികാരത്തിൽ വന്നാൽ ഹിന്ദുക്കൾക്കെതിരെ കോൺഗ്രസ് തിരിയുമെന്ന ആഖ്യാനമുണ്ടാക്കുകയാണ് പ്രധാനമന്ത്രി.
ഇതുവഴി ഉത്തരേന്ത്യയിൽ ഭൂരിപക്ഷ വോട്ടുറപ്പിക്കലാണ് ലക്ഷ്യം. പച്ചയായി മതം പറഞ്ഞ് വോട്ടുപിടിക്കുന്ന പ്രധാനമന്ത്രി ഒടുവിൽ പറഞ്ഞത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാമക്ഷേത്രത്തിന് ബാബരി പൂട്ടിടുമെന്നാണ്.
മോദി പറയുന്നത് കള്ളമാണെന്നും കോടതി വിധികളെ എന്നും മാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. മോദിയുടെ വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിക്ക് ദിവസവും വീഡിയോ സന്ദേശം പുറത്തിറക്കേണ്ടി വരുന്നു. മധ്യപ്രദേശിൽ തുടങ്ങി മറ്റു സംസ്ഥാനങ്ങളിൽ ആവർത്തിച്ച മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചിട്ടില്ല. ബിജെപി അധ്യക്ഷനോട് വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തത്.
ഈ സാഹചര്യത്തിലാണ് ഇൻഡ്യാ മുന്നണി കമ്മീഷനെ നേരിട്ട് കാണാൻ തീരുമാനിച്ചത്. കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് മുന്നണിയുടെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി ഇന്ന് ഒഡീഷയിലാണ്. പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും റാലികളിൽ പങ്കെടുക്കും.