സീതയെ കണ്ടെത്താൻ പോയ 'വാനരന്മാർ' തിരികെ വന്നില്ല; അതീവ സുരക്ഷ ജയിലിൽ നിന്നും തടവ് പുള്ളികൾ ചാടിപ്പോയി, ഒരാൾ കൊലക്കേസ് പ്രതി
നാടകത്തിലെ പ്രകടനം മറയാക്കി നിർമാണത്തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കോണി ഉപയോഗിച്ചാണ് ഇരുവരും ജയിൽ ചാടിയത്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ജയിലിൽ നാടകം അവതരിപ്പിക്കുന്നതിനിടെ രണ്ട് തടവുകാർ ജയിൽ ചാടി. രാം ലീല നാടകത്തിലെ വാനര സേനയിലെ അംഗങ്ങളായി വേഷമിട്ട പങ്കജ്, രാം കുമാർ എന്നിവരാണ് നാടകത്തിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇതിൽ ഒരാൾ കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളാണ്.
നാടകത്തിനിടെ സീതയെ തിരയുന്ന വാനരസേനയിലെ അംഗങ്ങളായ പങ്കജും രാജ്കുമാറും പ്രകടനം മറയാക്കിയാണ് ജയിലിൽ നിന്ന് ഒളിച്ചോടിയത്. നാടകത്തിന്റെ മുഴുവൻ ചുമതലയും ചാടി പോയ തടവുപ്പുള്ളികൾക്കായിരുന്നു. അതീവ സുരക്ഷയുള്ള റോഷനാബാദ് ജയിലിൽനിന്നാണ് ഇരുവരും അതിസാഹസികമായി കടന്നു കളഞ്ഞത്.
ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരസൈന്യത്തിലെ മറ്റ് അംഗങ്ങളും സീതയെ തിരയുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് ഇവർ വേദിയിൽ നിന്നും ഓടിരക്ഷപ്പെട്ടത്. ഇത് പ്രകടനത്തിന്റെ ഭാഗമാണെന്ന് പൊലീസുകാരും വിചാരിച്ചു. സീതയെ അന്വേഷിക്കാൻ പോയവരെ തിരിച്ച് കാണാതായപ്പോഴാണ് കണ്ടുനിന്നവർക്കും പൊലീസിനും എന്തോ കുഴപ്പമുണ്ടെന്ന് മനസിലായത്.
നാടകത്തിലെ പ്രകടനം മറയാക്കി നിർമാണത്തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കോണി ഉപയോഗിച്ചാണ് ഇരുവരും ജയിലിന്റെ മതിൽ ചാടിയതെന്ന് പൊലീസ് അറിയിച്ചു. ജയിലിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് കോണി എത്തിച്ചിരുന്നതെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. പങ്കജ് കുമാർ റോർക്ക് സ്വദേശിയും രാം കുമാർ ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയുമാണ്.
അതേസമയം പ്രതികൾ ചാടി പോയത് തിരിച്ചറിയാൻ വൈകിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഇത് വിവാദമായതിനു പിന്നാലെ സംഭവം റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും അന്വേഷിക്കുന്നുണ്ട്. ചാടി പോയ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തിരച്ചിൽ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.