പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും

ഒരു സീറ്റിൽ മാത്രം മത്സരിക്കുന്നതിന് പകരം ഉത്തർപ്രദേശില്‍ കൂടുതല്‍ പ്രചാരണം നടത്തിയാൽ പാർട്ടിക്ക് കൂടുതൽ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍

Update: 2024-04-30 05:46 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഒരു സീറ്റിൽ മാത്രം മത്സരിക്കുന്നതിന് പകരം ഉത്തർപ്രദേശില്‍  പ്രചാരണം നടത്തിയാൽ പാർട്ടിക്ക് കൂടുതൽ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍.

റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെയാണ് മത്സരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളും വരുന്നത്. അതേസമയം രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.

കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക, ഉത്തർപ്രദേശിൽ സജീവ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നത്. അടുത്ത മൂന്ന് ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി പോകുന്നുമുണ്ട്. ബുധനാഴ്ച അസമിലും വ്യാഴാഴ്ച മധ്യപ്രദേശിലും ഛത്തീസ്ഗഡിലും, മെയ് മൂന്നിന് ഉത്തർപ്രദേശിലും ഗുജറാത്തിലുമാണ് പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.

രാഹുൽ ഗാന്ധിയെ അമേഠിയിലും പ്രിയങ്കയെ റായ്ബറേലിയിലും മത്സരിപ്പിക്കണമെന്നാണ് ഉത്തർപ്രദേശ് കോൺഗ്രസ് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പാര്‍ട്ടിക്ക് ഔദ്യോഗികമായൊരു തീരുമാനത്തിലെത്താന്‍ ഇതുവരെ ആയിട്ടില്ല.

അതിനിടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്തെത്തി. ആത്മവിശ്വാസം കൂടുതൽ ഉള്ളതുകൊണ്ടാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നായിരുന്നു സ്മൃതി ഇറാനിയുടെ പരിഹാസം. മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ്. ഔദ്യോ​ഗിക പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് കുറച്ച് ദിവസം കൂടി കാത്തിരിക്കൂവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മറുപടി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News