പൊലീസിന്‍റേത് കൊടുംക്രൂരത; അരുണ്‍ വാല്‍മീകിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രിയങ്ക

അരുൺ വാല്‍മീകിയെ ഭാര്യയുടെ മുന്നിൽ വച്ചു ക്രൂരമായി മർദ്ദിക്കുകയും ഇലക്ട്രിക് ഷോക്ക് ഏൽപ്പിക്കുകയും ചെയ്തെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു

Update: 2021-10-21 02:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

യു.പി പൊലീസ് കസ്റ്റഡിയില്‍ ശുചീകരണതൊഴിലാളി അരുൺ വാൽമീകി മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണവും ആശ്രിതർക്ക് ധനസഹായവും പ്രഖ്യാപിക്കണമെന്ന് പ്രിയങ്ക ഗാന്ധി. ഇന്നലെ അർധരാത്രിയോടെ ആഗ്രയിൽ അരുണിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. പൊലീസ് കൊടുംക്രൂരതയാണ് ഈ കുടുംബത്തോട് കാണിച്ചതെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞു.

അരുൺ വാല്‍മീകിയെ ഭാര്യയുടെ മുന്നിൽ വച്ചു ക്രൂരമായി മർദ്ദിക്കുകയും ഇലക്ട്രിക് ഷോക്ക് ഏൽപ്പിക്കുകയും ചെയ്തെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.കസേരയിൽ കെട്ടിയിട്ടാണ് മർദ്ദിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും ബന്ധുക്കൾക്ക് നൽകിയിട്ടില്ല. പലതവണ യു.പി പോലീസ് യാത്രാതടസം സൃഷ്ടിച്ചെങ്കിലും ഇതെല്ലാം മറികടന്നു ഇന്നലെ അർദ്ധരാത്രിയോടെയാണ് ആഗ്രയിലെ അരുൺ വാല്‍മീകിയുടെ വസതിയിൽ പ്രിയങ്ക ഗാന്ധി എത്തിയത്.

പൊലീസ് സ്റ്റേഷനിൽ നിന്നും 25 ലക്ഷം രൂപ മോഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണ് ആഗ്ര പൊലീസ് സ്റ്റേഷനിൽ അരുൺ വാല്‍മീകിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുന്നതിനിടെ ആരോഗ്യം മോശമായി മരണം സംഭവിച്ചെന്നാണ് പൊലീസ് ഭാഷ്യം. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ പ്രിയങ്കയെ ആഗ്രയിലേക്ക് വിടില്ലെന്ന നിലപാടിലായിരുന്നു യു.പി പൊലീസ്.കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്താതെ ഡൽഹിക്കു മടങ്ങില്ലെന്ന ഉറച്ച തീരുമാനം പ്രിയങ്കയും സ്വീകരിച്ചു. ഇതോടെയാണ് പൊലീസിന് വഴങ്ങേണ്ടി വന്നത്. അരുൺ വാല്‍മീകിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനായി രാജസ്ഥാൻ ഉൾപ്പെടെയുള്ള സർക്കാരുകളുടെ സഹായവും പ്രിയങ്ക തേടുന്നുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News