പ്രചാരണം കഴിഞ്ഞ് പുലര്‍ച്ചെ 3-4 മണി വരെ മക്കളെ പഠനത്തില്‍ സഹായിക്കുമെന്ന് പ്രിയങ്ക; വൈറലായി വീഡിയോ
'രാഹുലുമായി കുട്ടിക്കാലത്ത് തല്ലുകൂടുമായിരുന്നു, പുറത്ത് നിന്ന് ആരെങ്കിലും ഇടപെട്ടാല്‍ ഞങ്ങള്‍ ഒറ്റ ടീമാവും'
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ചൂടിലാണ് നേതാക്കള്‍. കോവിഡ് പ്രതിസന്ധിക്കിടെ ഓണ്‍ലൈന്‍ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തിയാണ് പ്രചാരണം പുരോഗമിക്കുന്നത്. യു.പിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചുമതല പ്രിയങ്ക ഗാന്ധിക്കാണ്. ഫേസ് ബുക്കില്‍ തത്സമയ സംവാദത്തിനിടെ പ്രിയങ്കയോട് ഒരാള്‍ ചോദിച്ചത് മക്കളെ ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിക്കാറുണ്ടോ എന്നായിരുന്നു.
"ഈ തത്സമയ സംവാദത്തിന് തൊട്ടുമുമ്പു പോലും അസൈൻമെന്‍റ് പൂർത്തിയാക്കാൻ മകൾക്കൊപ്പമായിരുന്നു. പ്രചാരണം കഴിഞ്ഞെത്തി ചിലപ്പോൾ പുലർച്ച 3-4 മണി വരെ മക്കൾക്കൊപ്പമിരുന്ന് അവർ ഗൃഹപാഠം ചെയ്യാന്‍ സഹായിക്കാറുണ്ട്. അതൊരിക്കലും ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. മക്കളെ മാത്രമല്ല അവരുടെ സുഹൃത്തുക്കളെയും ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന അവരുടെ ആന്‍റിയാണ് ഞാന്‍"- ചോദ്യംചോദിച്ച യോഗിത തോമറിന് പ്രിയങ്ക മറുപടി നല്‍കി.
ചേട്ടൻ രാഹുൽ ഗാന്ധിയുമായി കുട്ടിക്കാലത്ത് തല്ലുകൂടുമായിരുന്നുവെന്നും പ്രിയങ്ക മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്നാൽ പുറത്തുനിന്ന് ആരെങ്കിലും ഇടപെടാൻ ശ്രമിച്ചാൽ താനും ചേട്ടനും ഒറ്റക്കെട്ടായി അവരെ നേരിടുമായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.