നാല് സിറ്റി യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് 70 നേതാക്കൾ; ഗുജറാത്തിൽ ബിജെപിക്ക് കീറാമുട്ടിയായി പുനഃസംഘടന
സൂറത്ത്, വഡോദര, അഹമ്മദാബാദ്, രാജ്‌കോട്ട് സിറ്റി പ്രസിഡന്റ് പദവിക്കായാണ് കൂടുതൽ നേതാക്കൾ രംഗത്തെത്തിയത്.
ന്യൂഡൽഹി: ഗുജറാത്തിൽ ബിജെപി നേതൃത്വത്തിന് കീറാമുട്ടിയായി പാർട്ടി പുനഃസംഘടന. നാല് പ്രധാനപ്പെട്ട നഗരങ്ങളിലെ പ്രസിഡന്റ് പദവിയിലേക്ക് മുൻ എംഎൽഎമാരും മേയർമാരും ഡെപ്യൂട്ടി മേയർമാരുമടക്കം 70ൽ കുടുതൽ നേതാക്കളാണ് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സൂറത്ത്, വഡോദര, അഹമ്മദാബാദ്, രാജ്‌കോട്ട് സിറ്റി പ്രസിഡന്റ് പദവിക്കായാണ് കൂടുതൽ നേതാക്കൾ രംഗത്തെത്തിയത്.
സൂറത്തിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് 17പേരാണ് അവകാശവാദമുന്നയിച്ചത്. അഹമ്മദാബാദ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് 25 നാമനിർദേശങ്ങളും സിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് 24 നാമനിർദേശങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പാർട്ടിവൃത്തങ്ങൾ വെളിപ്പെടുത്തി. വഡോദരയിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് 54പേരും സിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് 55 പേരും രംഗത്തുണ്ട്. രാജ്‌കോട്ടിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് 24പേരും സിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് 33പേരും നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്.
ജനുവരി 10ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കേന്ദ്രമന്ത്രി ജൽ ശക്തിയും സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീലും അഹമ്മദാബാദിലാണെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും ബിജെപി വൃത്തങ്ങൾ പറഞ്ഞു. ജനുവരി നാലിന് തന്നെ നിരീക്ഷകൻമാർ നാമനിർദേശ പത്രികകൾ സ്വീകരിക്കുകയും സൂക്ഷമപരിശോന പൂർത്തിയാക്കുകയും ചെയ്തിരുന്നു. കൂടുതൽപേർ അവകാശവാദമുന്നയിച്ചതാണ് പ്രഖ്യാപനം നീണ്ടുപോവാൻ കാരണം.