ഉത്തർപ്രദേശ് നഗരങ്ങളിലെ പ്രശ്‌നങ്ങൾ ബി.ജെ.പിയുടെ സമ്മാനങ്ങളാണ്: അഖിലേഷ് യാദവ്
ബി.ജെ.പി അധികാരത്തിലിരുന്നിട്ടും നഗരങ്ങൾ സ്മാർട്ടായില്ലെന്നും അഖിലേഷ് യാദവ്
ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. നഗരങ്ങളിൽ വർധിച്ചുവരുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദി ബി.ജെ.പിയാണെന്നും അത് അവരുടെ സമ്മാനമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം. തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്നും അഖിലേഷ് യാദവ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
'നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പ്രധാനമാണ്. സംസ്ഥാനത്തെ ജനസംഖ്യ വർധിക്കുന്നു, നഗരങ്ങളിലെ പ്രശ്നങ്ങളും ഉയരുന്നു. നഗരങ്ങളിൽ ദീർഘകാലം ഭരിച്ചത് ബി.ജെ.പിയായതിനാൽ ഈ പ്രശ്‌നങ്ങൾ അവരുടെ സമ്മാനങ്ങളാണ്. ഒട്ടുമിക്ക നഗരങ്ങളിലെയും മേയർമാർ ബിജെപിക്കാരായിരുന്നു,' അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സമാജ്വാദി പാർട്ടിയുടെ ലഖ്നൗവിലെ മേയർ സ്ഥാനാർഥി വന്ദന മിശ്രയും ചടങ്ങിൽ പങ്കെടുത്തു. ട്രിപ്പിൾ എഞ്ചിൻ സർക്കാരിനെക്കുറിച്ചാണ് ബിജെപി സംസാരിച്ചതെന്നും കേന്ദ്രത്തിലും സംസ്ഥാനത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബി.ജെ.പി അധികാരത്തിലിരുന്നിട്ടും നഗരങ്ങൾ സ്മാർട്ടായില്ലെന്നും അഖിലേഷ് യാദവ് ആരോപിച്ചു.